പണയം വച്ച സ്വര്‍ണത്തില്‍ തിരിമറി; ചെറുവണ്ണൂർ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടെന്ന് പരാതി

news image
Sep 29, 2023, 4:42 am GMT+0000 payyolionline.in

കോഴിക്കോട്:  പേരാമ്പ്ര ചെറുവണ്ണൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപ്പണയ ഇടപാടിൽ ക്രമക്കേട് നടന്നതായി പരാതി. പണയംവച്ച സ്വര്‍ണം ഉടമസ്ഥരറിയാതെ തിരിമറി നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി നല്‍കുമെന്ന് അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

 

 

സിപിഎം ഭരണത്തിലുള്ള ചെറുവണ്ണൂര്‍ സഹകരണ ബാങ്കിന്‍റെ മുയിപ്പോത്ത് ശാഖയില്‍ സ്വര്‍ണ്ണപ്പണയ ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് കാട്ടിയാണ് അഴിമതി വിരുദ്ധ സമിതി സെക്രട്ടറി എം കെ മുരളീധരന്‍ സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. പണയം വെച്ച സ്വര്‍ണ്ണം ഇടപാടുകാരറിയാതെ മറ്റ് പലരുടേയും മേല്‍വിലാസത്തില്‍ പണയം വെച്ച് പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. രണ്ട് പേര്‍ക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചെങ്കിലും ക്രമക്കേട് നടന്ന കാര്യം പൊലീസിനെയോ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരേയോ അറിയിച്ചില്ല. ബാങ്കിന്‍റെ മുയിപ്പോത്ത് ബ്രാഞ്ചിന് പുറമേ ചെറുവണ്ണൂര്‍ മെയിന്‍ ബ്രാഞ്ച്, പന്നിമുക്ക് ബ്രാഞ്ച്, ആവള ബ്രാഞ്ച് എന്നിവിടങ്ങളിലും ക്രമക്കേടുകള്‍ നടന്നതായാണ് പരാതി.

 

 

 

എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ജൂലൈയില്‍ നടത്തിയ പരിശോധനയില്‍ മുയിപ്പോത്ത് ബ്രാഞ്ചില്‍ പണയം വെച്ച സ്വര്‍ണ്ണ മോതിരം നഷ്ടപ്പെട്ടതായി കണ്ടിരുന്നു. സംഭവത്തില്‍ ബ്രാഞ്ച് മാനേജരേയും ഓഫീസ് അസിസ്റ്റന്‍റിനേയും സസ്പെന്‍റ് ചെയ്തു. എന്നാല്‍ ബാങ്ക് ഉപസമിതി നടത്തിയ അന്വേഷണത്തില്‍ മാനേജര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് തിരിച്ചെടുത്തതായും ഭരണ സമിതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിച്ച ശേഷം മാത്രമേ സഹകരണ വകുപ്പിനെ അറിയിക്കേണ്ടതുള്ളൂവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ബാങ്കില്‍ ഇടപാടുകാരായ ആളുകള്‍ക്ക് പരാതിയില്ലെന്നും ഇപ്പോളുയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe