വടകര ∙ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണത്തട്ടിപ്പു കേസിൽ ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു. തിരുപ്പൂരിൽ കാത്തലിക് സിറിയൻ ബാങ്കിന്റെ 4 ശാഖകളിൽ പല ആളുകളുടെ പേരിൽ പണയം വച്ച സ്വർണമാണ് വടകര പൊലീസ് കണ്ടെത്തിയത്. കേസിലെ പ്രതി മുൻ മാനേജർ മധാ ജയകുമാറാണ് ഇടനിലക്കാരനായ കാർത്തിക്കിന്റെ സഹായത്തോടെ സ്വർണം പണയം വച്ചത്. വിവിധ അക്കൗണ്ടുകൾ പരിശോധിച്ച് ഏറെ ശ്രമം നടത്തിയ ശേഷമാണു സ്വർണം കണ്ടെത്തിയത്.
വടകര പൊലീസ് ഇൻസ്പെക്ടർ എൻ.സുനിൽ കുമാർ, എസ്ഐമാരായ ബിജു വിജയൻ, കെ.മനോജ് കുമാർ, എഎസ്ഐ: ഇ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. വീണ്ടെടുത്ത സ്വർണം ഇന്നു കോടതിയിൽ ഹാജരാക്കും. മുൻ മാനേജർ തട്ടിയെടുത്ത സ്വർണം വിവിധ ബാങ്കുകളിൽ പല ആളുകളുടെ പേരിൽ പണയം വയ്ക്കാൻ സഹായിച്ച കാർത്തിക്കിനെ കണ്ടെത്തിയാലേ ബാക്കി സ്വർണത്തിന്റെ വിവരങ്ങൾ വ്യക്തമാകൂ. ഇനി 16 കിലോ സ്വർണം കൂടി കിട്ടാനുണ്ട്.