11 വർഷത്തെ കാത്തിരിപ്പ് വീണ്ടും നീളുന്നു; ഭൂഗർഭ കേബിൾ കുരുക്കിൽ പാവങ്ങാട്-പുതിയാപ്പ മേൽപ്പാലം

news image
Mar 22, 2026, 3:40 am GMT+0000 payyolionline.in

എലത്തൂർ: പതിനൊന്നാം വർഷവും അപ്രോച്ച് റോഡില്ലാതെ റെയിൽവേ ട്രാക്കിന് മുകളിൽ നോക്കുകുത്തിയായി നിൽക്കുന്ന പാവങ്ങാട്-പുതിയാപ്പ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് വീണ്ടും തടസ്സം. ഏറെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം അപ്രോച്ച് റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തെങ്കിലും പൈലിങ് ആരംഭിക്കാനായില്ല. നിർദിഷ്ട ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി.യുടെ അതിശക്തമായ ഭൂഗർഭ കേബിളുകളാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്.

പൈലിങ് നടത്തുന്നതിന് മുൻപായുള്ള ട്രയൽ പരിശോധനയിലാണ് ഭൂമിക്കടിയിൽ 110 കിലോ വാട്ടിന്റെയും 11 കിലോ വാട്ടിന്റെയും വൈദ്യുത ലൈനുകൾ കണ്ടെത്തിയത്. പൈലിങ് നടത്തിയാൽ ഈ ലൈനുകൾക്ക് കേടുപാട് സംഭവിക്കാനും വൻ അപകടങ്ങൾക്കും സാധ്യതയുള്ളതിനാലാണ് പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചത്.

മദ്രാസ് ഐ.ഐ.ടി.യുടെ പരിശോധനയ്ക്ക് ശേഷം റൈറ്റ്സ് (RITES) എന്ന കേന്ദ്ര ഏജൻസി ഡിസൈൻ തയ്യാറാക്കിയ ഘട്ടത്തിലോ, അതിർത്തി തിരിച്ച് സർവ്വേ നടത്തിയപ്പോഴോ ഈ ഭൂഗർഭ ലൈനുകൾ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെ.എസ്.ഇ.ബി. ട്രാൻസ്മിഷൻ വിഭാഗം, ജലഅതോറിറ്റി എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തി കേബിളുകൾ മാറ്റുന്നതിനായുള്ള (Utility Shifting) എസ്റ്റിമേറ്റ് തയ്യാറാക്കണം. തുടർന്ന് ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ അപ്രോച്ച് റോഡ് നിർമ്മാണം പുനരാരംഭിക്കാൻ സാധിക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe