പത്തനംതിട്ട: ജില്ലയിൽ വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ യെല്ലോ അലർട്ടിലാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കക്കി, പമ്പ, മൂഴിയാർ, ആനത്തോട് അണക്കെട്ടുകളിൽ വെള്ളം ഉയർന്നു.
പല അണക്കെട്ടുകളും സംഭരണശേഷിയോട് അടുത്ത് നിൽക്കുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദേശങ്ങൾ മുൻകൂട്ടി നൽകിയിട്ടുണ്ട്. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളാണ്.
ജൂൺ ഒന്നു മുതൽ 11വരെ മികച്ച രീതിയിൽ സംസ്ഥാനത്ത് മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്ത് മഴ ഏറ്റവും കുറവ് ലഭിച്ചത് വയനാടും കാസർകോടുമാണ്. ജില്ലയിൽ എല്ലാ പ്രദേശത്തും ഒരുപോലെ ലഭിച്ചില്ലെങ്കിലും ആകെ ലഭിച്ച മഴയുടെ കണക്കെടുക്കുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചതിന് സമാനമായ മഴ 11വരെ ലഭിച്ചതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
സംസ്ഥാനത്താകെ 40 മുതൽ 50 ശതമാനം മഴ കുറവായ സാഹചര്യത്തിലാണിത്. തിരുവല്ല, അടൂർ താലൂക്കുകളിലാണ് കുറവ് മഴ രേഖപ്പെടുത്തിയത്.പത്തനംതിട്ട നഗര പ്രദേശത്ത് നല്ല രീതിയിൽ മഴ പെയ്തു. റാന്നി, വടശ്ശേരിക്കര പ്രദേശങ്ങളിൽ ചില ദിവസങ്ങളിൽ 350ലധികം മി.മീറ്റർ മഴ ലഭിച്ചു.
മഴയുടെ കണക്ക് (ജൂൺ ഒന്ന് മുതൽ 10വരെ)
അത്തിക്കയം -410 മി. മീ
മൂഴിയാർ -282.8
വെൺകുറിഞ്ഞി -301.5
മണ്ണീറ -295,86
കോന്നി എസ്റ്റേറ്റ് -156.6
പെരുന്തേനരുവി -291.2
ഏനാദിമംഗലം -153
കക്കി ഡാം -156
കരിമ്പനത്തോട് -261.74
കുന്നന്താനം -123.5
തിരുവല്ല -113.7
കുമ്മണ്ണൂർ -229.37
വടശ്ശേരിക്കര -342
ളാഹ -325
ആങ്ങമൂഴി -208
കുരുടാമണ്ണിൽ -183. 2
നിലക്കൽ -173.6.
ശ്രദ്ധിക്കണം
- താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അതിജാഗ്രത പാലിക്കണം.
- നദികൾ മുറിച്ചു കടക്കരുത്
- നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്
- ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്
- മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.