കോഴിക്കോട്: ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന്‍റെ പരിഹാസത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെ. കരുണാകരന്‍റെ ലെഗസിക്ക് കെ. മുരളിധരന്‍റെ പത്രസമ്മേളനത്തിനപ്പുറം ഒരു ക്ലാരിറ്റിയും വേണമെന്ന് വിചാരിക്കുന്നില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വടകരയിലെ വലിയ വിജയമായിരിക്കും കെ. കരുണാകരൻ പത്മജയോട് ചെയ്യുന്ന പ്രതികാരമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ രംഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ ടിവിയിലിരുന്ന് നേതാവായതാണെന്നും അദ്ദേഹം എന്നോട് അത് പറയേണ്ടെന്നും പത്മജ പ്രതികരിച്ചു.
ബി.ജെ.പി ആസ്ഥാനത്ത് ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പത്മജ പ്രതികരിച്ചിരുന്നു. രാഹുലിന്‍റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ടിവിയിലിരുന്ന് നേതാവായതാണെന്ന’ മറുപടി പത്മജ നൽകിയത്.
ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ പത്മജ വേണുഗോപാലിനെതിരെ രൂക്ഷവിമർശനമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. പത്മജ ചാണകക്കുഴിയിലാണ് വീണതെന്നും കരുണാകരന്റെ പാരമ്പര്യം ഇനി ഉപയോഗിച്ചാല്‍ തെരുവില്‍ തടയുമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.
പത്മജ വേണുഗോപാൽ പാർട്ടിവിട്ടത് ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ വളരെയധികം വേദനിപ്പിക്കുന്നതാണ്. ഒരിക്കൽ കരുണാകരൻ കോൺഗ്രസ് വിടുന്നതിനെപ്പറ്റി ആലോചിച്ചപ്പോൾ അന്ന് പത്മജ പറഞ്ഞത്, എന്റെ അച്ഛനാണ് കോൺഗ്രസ് ഉണ്ടാക്കിയത് ഞാൻ തന്തക്ക് പിറന്ന മകളാണെന്നാണ്. ഇന്ന് പത്മജയെ കേരളീയ പൊതുസമൂഹം വിശേഷിപ്പിക്കേണ്ടത് തന്തക്ക് പിറന്ന മകൾ എന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ എന്നാണ് ചോദിക്കാനുള്ളത്.
കരുണാകരന്റെ മതേതര പാരമ്പര്യത്തെ ചാണക്കുഴിയിൽ കൊണ്ടുതള്ളാൻ അദ്ദേഹം എന്ത് പാതകമാണ് പത്മജയോട് ചെയ്തത്. ഇനി കരുണാകരന്റെ മോൾ എന്നു പറഞ്ഞു നടക്കരുത്. കരുണാകരന്റെ പൈതൃകം പത്മജ ഇനി എവിടെയെങ്കിലും ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസുകാർ തെരുവിലിറങ്ങി പത്മജയെ തടയും. ബയോളജിക്കലി കരുണാകരൻ പത്മജയുടെ അച്ഛനാണ്. പൊളിറ്റിക്കലി തന്തക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും. ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയായും ചരിത്രത്തിലെ ഏറ്റവും വലിയ പിതൃഘാതകയായും പത്മജ അറിയപ്പെടും.
പത്മജയെ ഇന്ത്യയുടെ രാഷ്ട്രപതിയാക്കാൻ സാധിച്ചില്ല. പത്മജയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാമായിരുന്നു, മുകുന്ദപുരത്ത് ജയിച്ചിരുന്നെങ്കിൽ. 1989 മുതൽ 2004 വരെ കോൺഗ്രസ് ജയിച്ചിരുന്ന മണ്ഡലം, ഒരു കുറ്റിച്ചൂലിനെ നിർത്തിയാൽ പോലും കോൺഗ്രസ് ജയിക്കുന്ന കാലഘട്ടത്തിൽ പത്മജ ജയിച്ചില്ലെന്ന് പറയുമ്പോൾ ജനം കുറ്റിച്ചൂലിനെ കഴിഞ്ഞും താഴെയാണ് അവരെ കാണുന്നത്.
പത്മജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയില്ല. ആക്കാമായിരുന്നു, നിയമസഭയിൽ ജയിച്ചിരുന്നെങ്കിൽ. 1991 മുതൽ 2011 വരെ തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എയായിരുന്ന മണ്ഡലമാണ് കൊടുത്തത്. 2016ലും 2021ലും തോറ്റു. ഇനി എന്ത് പരിഗണനയാണ് കൊടുക്കേണ്ടത്.
അവർ കെ.പി.സി.സി നിർവാഹക സമിതിയംഗമായി, കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. രാഷ്ട്രീയകാര്യ സമതിയിലും അംഗമായി. പരിഗണന കിട്ടിയില്ലെങ്കിൽ എന്തുകൊണ്ടാണ് അവർ സി.പി.എമ്മിൽ പോകാതിരുന്നത്. അപ്പോൾ മറ്റ് സ്ഥലങ്ങളിൽ എന്തിനാണോ ആളുകൾ ബി.ജെ.പിയിൽ ചേരുന്നത് അതു തന്നെയാണ് ഇതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.