പയ്യാനക്കൽ സ്കൂളിൽ സ്ഥാനാർഥിക്ക് നേരെ തടയൽ; അഞ്ചുമണിക്കൂർ നീണ്ട സംഘർഷം, ലാത്തിച്ചാർജ്

news image
Apr 10, 2026, 4:45 am GMT+0000 payyolionline.in

കോഴിക്കോട് : പയ്യാനക്കൽ ഗവ. സ്കൂളിൽ യു.ഡി.എഫ്. സ്ഥാനാർഥി ഫൈസൽ ബാബുവിനെ തടഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷം പ്രദേശത്തെ അഞ്ചുമണിക്കൂറോളം മുൾമുനയിലാക്കി. വ്യാഴാഴ്ച വൈകീട്ട് 3.50-ഓടെ വോട്ടുചോദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ കൈയാങ്കളിയിൽ കലാശിച്ചത്. സ്ഥാനാർഥിക്കൊപ്പമുള്ളവർ മതം പറഞ്ഞു വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്ന എൽ.ഡി.എഫ്. പ്രവർത്തകരുടെ ആരോപണമാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇതോടെ ഇരുമുന്നണികളും തമ്മിൽ ഏറ്റുമുട്ടുകയും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് ലാത്തിവീശേണ്ടതായും വന്നു. പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സ്ഥാനാർഥിയെയും കൗൺസിലർമാരെയും സ്കൂൾ ഗേറ്റിന് പുറത്താക്കി സുരക്ഷ ഉറപ്പാക്കി.

സംഘർഷം കടുത്തതോടെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ നേരിട്ടെത്തി മെഗാഫോണിലൂടെ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ഇതിനിടെ പോലീസിനെ മർദിച്ചെന്നാരോപിച്ച് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം ശ്രീനിവാസനെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത് വീണ്ടും പ്രതിഷേധത്തിന് വഴിവെച്ചു. ഈ പ്രതിഷേധം പിന്നീട് പന്നിയങ്കര പോലീസ് സ്റ്റേഷന് മുന്നിലേക്ക് വ്യാപിച്ചു. രാത്രി ഒൻപതുമണിയോടെ സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ള നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സ്ഥിതി ശാന്തമായത്. സംഘർഷം കാരണം പയ്യാനക്കൽ സ്കൂളിൽ വോട്ടെടുപ്പ് പൂർത്തിയാക്കാൻ ഒരു മണിക്കൂറോളം വൈകുകയും നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങുകയും ചെയ്തു. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പരാജയഭീതി പൂണ്ട ഇടതുപക്ഷം വോട്ടെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിതമായി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും യു.ഡി.എഫ്. പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe