കണ്ണൂർ: നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുതയും സ്ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ളക്സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം ഉറപ്പാക്കും.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ നിർത്തിവെപ്പിക്കാൻ സ്ക്വാഡ് നിർദേശം നൽകും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്യും.
നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയിൽപ്പെടുത്തി സ്ക്വാഡ് നടപടി സ്വീകരിക്കും.
അനധികൃതമായും അനുവദനീയമല്ലാത്ത രീതിയിലുമുള്ള മൈക്ക് അനൗൺസ്മെന്റുകൾ നിർത്തിവെപ്പിക്കും. അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും കാൽനടയാത്രക്കാർക്കും വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ച ബോർഡുകൾ, കമാനങ്ങൾ, ബാനറുകൾ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ട് തുടർനടപടികൾ സ്വീകരിക്കും. ഇവ അനധികൃതമായി സ്ഥാപിച്ചതായി പൊതുജനം അറിയിക്കുന്ന പരാതികളും പ്രത്യേകമായി പരിശോധിച്ച് നടപടി സ്വീകരിക്കും
