പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ സൗദിയില്‍ നീക്കം

news image
Feb 11, 2025, 7:18 am GMT+0000 payyolionline.in

റിയാദ് : സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ നീക്കവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം. കിയോസ്കുകളിലും സെൻട്രൽ മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള കരട് നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അന്തിമമാക്കുന്നതിന് മുന്നോടിയായി പൊതു ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പബ്ലിക് സർവ്വെ പ്ലാറ്റ്ഫോമായ ഇസ്തിറ്റ്ലയിൽ മന്ത്രാലയം ഈ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് നിയമത്തിൽ രാജ്യത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം, സൗദ് ഫുഡ് ആൻഡ് ഡ്ര​ഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന. കൂടാതെ, കടകളിൽ എത്തുന്നവർക്ക് കാണാൻ കഴിയാത്ത രീതിയിലായിരിക്കണം പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കേണ്ടത്. 18 വയസ്സിന് താഴെയുള്ള ആർക്കും പുകയില വിൽക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പുകയില വാങ്ങുന്നയാളോട് വയസ്സ് വ്യക്തമാക്കുന്നതിന്റെ തെളിവ് സ്ഥാപനത്തിന് ആവശ്യപ്പെടാവുന്നതാണ്. ക്യാഷ് കൗണ്ടറിന് മുകളിലായി പുകവലിയുടെ ദോഷ വശങ്ങൾ അറിയിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പ് സ്ഥാപിക്കണം. ഒപ്പം 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില വിൽക്കാൻ പാടില്ലെന്ന നിർദേശവും വെക്കണം. പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്നതും കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതു ഇടങ്ങളിൽ പുകവലിക്കാനും പാടില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പും കടകളിൽ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe