തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കരണവും നിരക്കിളവും പ്രാബല്യത്തിൽ വന്നെങ്കിലും പഴയ നിരക്കിൽ വാങ്ങിവെച്ച സ്റ്റോക്കിന്റെ കാര്യത്തിൽ ചെറുകിട കച്ചവടക്കാർ ആശങ്കയിൽ. ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 28 ശതമാനം നികുതിയുള്ളപ്പോൾ വാങ്ങിയ സാധനം 18 ശതമാനത്തിന് വിൽക്കാനാണ് വ്യാപാരികളോട് ആവശ്യപ്പെടുന്നത്. നികുതിയിൽ 10 ശതമാനത്തിന്റെ കുറവാണുണ്ടാവുക. ഈ ഇനത്തിലെ നഷ്ടം എങ്ങനെ നികത്തും എന്നത് സംബന്ധിച്ച് കൃത്യമായ വിശദീകരണം അധികൃതരിൽനിന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളവരും ഇല്ലാത്ത ചെറുകിടക്കാരും ഒരുപോലെ ആശങ്കയിലാണ്.
40 ലക്ഷം രൂപക്ക് മുകളിൽ വിറ്റുവരവുള്ളവരാണ് ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കേണ്ടത്. കേരളത്തിൽ ബഹുഭൂരിപക്ഷം കച്ചവടക്കാരും ജി.എസ്.ടി പരിധിക്ക് പുറത്താണ്. സംസ്ഥാനത്ത് ഏതാണ്ട് 14 ലക്ഷത്തോളം വ്യാപാരികളാണുള്ളത്. ഇതിൽ 3.5 ലക്ഷം പേർക്കാണ് ജി.എസ്.ടി രജിസ്ട്രേഷനുള്ളത്. ജി.എസ്.ടി രജിസ്ട്രേഷനുള്ളവരോട് പരിഷ്കാരം നിലവിൽവരുന്നതിന് തൊട്ടുമുമ്പുള്ള ക്ലോസിങ് സ്റ്റോക്കും പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഓപണിങ് സ്റ്റോക്കും രേഖപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. പഴയ സ്റ്റോക്ക് എത്രയുണ്ട് എന്നറിയാൻ ഇത് ഉപകാരപ്പെടും. എന്നാൽ, ജി.എസ്.ടി ഇല്ലാത്തവരുടെ കാര്യത്തിൽ ഒരു നിർദേശവുമില്ല. ഇവർ കൂടിയ വില നൽകി എടുത്ത സാധനം കുറഞ്ഞ വിലയിൽ വിൽക്കേണ്ടി വരുന്നത് നഷ്ടത്തിന് ഇടയാക്കും. പഴയ വിലയിൽ വിൽക്കുന്നതാകട്ടെ തർക്കങ്ങൾക്കും ഇടയാക്കും. പഴയ വിലയിൽ വ്യാപാരികൾ വിൽക്കാൻ ശ്രമിച്ചാൽ സമീപ ദിവസങ്ങളിലൊന്നും വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കുകയുമില്ല. ഈ സങ്കീർണ സാഹചര്യം പരിഹരിക്കാനുള്ള നിർദേശങ്ങളൊന്നും ബന്ധപ്പെട്ടവർ മുന്നോട്ടുവെച്ചിട്ടില്ല.
അതേസമയം, വൻകിട സൂപ്പർ മാർക്കറ്റുകൾ നികുതിയിളവ് സംബന്ധിച്ച് സോഫ്റ്റ്വെയറിൽ മാറ്റം വരുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ ’വിലമാറ്റൽ’ പൂർത്തിയാകാത്തതിനാൽ തിങ്കളാഴ്ച സ്ഥാപനത്തിന് അവധി നൽകിയാണ് അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തിയത്. നിരക്കിളവ് വരുത്തിയ ജി.എസ്.ടി പരിഷ്കാരം വ്യാപാരികൾ പൊതുവേ സ്വാഗതം ചെയ്യുകയാണ്. ഒരുഭാഗത്ത് അവ്യക്തത നിലനിൽക്കുമ്പോഴും വില കുറയുന്നത് കച്ചവടം വർധിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.