പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

news image
Apr 23, 2025, 9:50 am GMT+0000 payyolionline.in

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.അതേസമയം, രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികൾ അടക്കം നാല് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. എന്നാൽ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതടക്കം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe