ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചിതായും പാകിസ്താൻ അവകാശപ്പെട്ടു. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അബ്ദാലി മിസൈൽ ആണ് പരീക്ഷിച്ചത്.
സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനികത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണമെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നത്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടപടികൾ കടുപ്പിച്ചതിന് പിന്നാലെ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം തുടരുകയാണ് പാകിസ്താൻ. നിയന്ത്രണ രേഖയിൽ ഒമ്പതാം ദിവസവും പാകിസ്താൻ വെടിവെപ്പ് നടത്തി. രാജസ്ഥാനിലെ ബാർമറിലെ ലോംഗേവാല സെക്ടറിലുടനീളം പാക് സൈന്യം റഡാർ ഉപകരണങ്ങളും വ്യോമ പ്രതിരോധ ആയുധ സംവിധാനങ്ങളും സ്ഥാപിക്കുകയും ചെയ്തു. അതിനിടെ, ഇന്ത്യൻ സൈന്യം പാകിസ്താന് കനത്ത മുന്നറിയിപ്പ് നൽകി. കുപ്വാര, ബാരാമുല്ല ഭാഗങ്ങളിൽ വെടിവെപ്പുണ്ടായി. എന്തിനും സജ്ജമാണെന്ന് കര,നാവിക, വ്യോമസേനാ മേധാവികൾ വ്യക്തമാക്കി. 24-36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടാകുമെന്നാണ് പാകിസ്താന് കിട്ടിയ മുന്നറിയിപ്പ്. ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിച്ചാൽ തകർക്കുമെന്നാണ് കരസേനയുടെ മുന്നറിയിപ്പ്.
പാക് വ്യോമസേന ഫിസ-ഇ-ബദർ, ലാൽകർ-ഇ-മോമിൻ, സർബ്-ഇ-ഹൈദാരി തുടങ്ങിയ വിവിധ അഭ്യാസങ്ങൾ നടത്തുന്നുണ്ട്. എഫ്-16, ജെ-10, ജെഎഫ്-17 തുടങ്ങിയ പ്രധാന യുദ്ധവിമാന സ്ക്വാഡ്രണുകളും ഇതിൽ ഉൾപ്പെടുന്നു. പാക് സൈന്യത്തിന്റെ സ്ട്രൈക്ക് കോർപ്സ് ഘടകങ്ങളും അതത് മേഖലകളിൽ പരിശീലനം നടത്തുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണം നടന്നിട്ട് 19 ദിവസം തികയുകയാണ്. ഏപ്രിൽ 22നാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ലഷ്കറെ ത്വയ്യിബയിൽ നിന്ന് വേർപിരിഞ്ഞ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണത്തിന് പിന്നിൽ. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്താൻ ആവർത്തിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കിയിരുന്നു. പാക് പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും പാക് നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു. അതിന് മറുപടിയായി ഇന്ത്യൻ വിമാനങ്ങൾ പ്രവേശിക്കാതിരിക്കാൻ പാകിസ്താൻ വ്യോമമേഖല അടച്ചിട്ടു. ഇന്ത്യൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            