പാകിസ്ഥാൻ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം,16 സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തമേറ്റെടുത്ത് പാക് താലിബാൻ

news image
Dec 24, 2024, 1:28 pm GMT+0000 payyolionline.in

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക് സൈനിക പോസ്റ്റിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മക്കീൻ ഏരിയയിലാണ് ആക്രമണം നടന്നത്. 30-ലധികം തീവ്രവാദികൾ പോസ്റ്റ് ആക്രമിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എഎഫ്‌പിയോട്  പറഞ്ഞു.

ആക്രമണം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ചെക്ക്‌പോസ്റ്റിൽ ഉണ്ടായിരുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും രേഖകളും മറ്റ് വസ്തുക്കളും തീവ്രവാദികൾ അഗ്നിക്കിരയാക്കിയതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. നേരത്തെ ഭീകരവാദികൾക്കെതിരെയുള്ള സൈന്യത്തിന്റെ ഓപ്പറേഷന് പ്രതികാരമായാണ് ആക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. അതിനിടെ, കഴിഞ്ഞ വർഷം മേയിൽ പാകിസ്ഥാൻ സൈന്യത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 25 പേർക്ക് രണ്ട് മുതൽ 10 വർഷം വരെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടതായി സൈനിക മാധ്യമ വിഭാഗം ശനിയാഴ്ച അറിയിച്ചു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതുമുതൽ, പാകിസ്ഥാൻ അതിർത്തികളിൽ തീവ്രവാദ പ്രവർത്തനം വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തീവ്രവാദികൾക്കെതിരെ അഫ്​ഗാൻ ഭരണകൂടം വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നാണ് പാകിസ്ഥാന്റെ വാദം. വർധിച്ചുവരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ കാരണം പാകിസ്ഥാനും അഫ്​ഗാനും തമ്മിലെ ബന്ധം വഷളായിരുന്നു. ലക്ഷക്കണക്കിന് രേഖകളില്ലാത്ത അഫ്ഗാൻ നിവാസികളെ രാജ്യത്തുനിന്ന് തിരിച്ചയക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe