തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ ഒന്നാം പ്രതിയായ 17 വയസുകാരന്റെ ജാമ്യാപേക്ഷ തള്ളി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് അപേക്ഷ തള്ളിയത്. 17കാരന് സ്ഥിരം കുറ്റവാളിയുടെ മനോനിലയാണ് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
17 വയസുകാരന് ഡോക്ടര്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. ഇതിന് ശേഷം ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് 17കാരന്റെ മനോനിലയെക്കുറിച്ച് ഗൗരവതരമായ കാര്യങ്ങളുള്ളത്. കേസിലെ ഒന്നാം പ്രതിയായ 17-കാരനാണ് തര്‍ക്കത്തിനിടെ തേങ്ങയെടുത്ത് അഭിറാമിന്റെ തലയ്ക്ക് അടിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2026 നവംബര്‍ ഒന്നിന് വൈകുന്നേരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നാം പ്രതി അഭിറാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ചുണ്ടായ തര്‍ക്കവും കയ്യാങ്കളിയും രൂക്ഷമായതോടെ പ്രതി തേങ്ങയെടുത്ത് അഭിറാമിന്റെ തലയില്‍ രണ്ട് തവണ ശക്തമായി ഇടിച്ചു. തേങ്ങ കൊണ്ടുള്ള ശക്തമായ ഇടിയേറ്റ് അഭിറാമിന്റെ തലയോട്ടിക്ക് പരിക്കേല്‍ക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. അഭിറാം ബോധം കെട്ട് വീണതോടെ ഒന്നാം പ്രതി കൂട്ടുപ്രതിയായ ഉമറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പാതി ബോധം തെളിഞ്ഞ അഭിറാമിനെ ഇരുവരും ചേര്‍ന്ന് വീണ്ടും ആക്രമിക്കുകയും, അഭിറാമിന്റെ തന്നെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.മൃതദേഹം ചാക്കില്‍ കെട്ടി ആക്കുളം കായലില്‍ ഉപേക്ഷിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ മഴ പെയ്തതോടെ മൃതദേഹം പറമ്പില്‍ ഉപേക്ഷിക്കുകയും, കൊലപാതകത്തിന് ഉപയോഗിച്ച ബെല്‍റ്റും അഭിറാമിന്റെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കല്ലില്‍ കെട്ടി സമീപത്തെ കിണറ്റില്‍ താഴ്ത്തുകയും ചെയ്യുകയായിരുന്നു.
