പാചകവാതക പ്രതിസന്ധി: ജൂൺ ഒന്നുമുതൽ ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; സിവില്‍ സപ്ലൈസില്‍ വാര്‍ റൂം തുറന്നു

news image
May 16, 2026, 4:56 am GMT+0000 payyolionline.in

തിരുവനന്തപുരം : കടുത്ത പാചകവാതക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുന്നതടക്കമുള്ള കടുത്ത സമരമുറകളിലേക്ക് നീങ്ങാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂവായിരത്തിലധികം ഹോട്ടലുകൾ അടച്ചിടാനാണ് നിലവിലെ നീക്കം. വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാതെ ചെറുകിട കച്ചവടക്കാർക്ക് ഇനി മുന്നോട്ടുപോകാൻ ആകില്ലെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ, അതായത് ജൂൺ ഒന്നിനകം നിലവിലെ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റ് മാർച്ച് അടക്കമുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കും. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ സമാന അസോസിയേഷനുകളുമായി സഹകരിച്ച് ദേശീയതലത്തിൽ വലിയൊരു നീക്കം നടത്താനാണ് ഹോട്ടലുടമകളുടെ തീരുമാനം.

 

​അതേസമയം, സംസ്ഥാനത്ത് പടരുന്ന കടുത്ത പാചകവാതക പ്രതിസന്ധി നേരിടുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ പ്രത്യേക വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരും വിവിധ ഓയില്‍ കമ്പനി പ്രതിനിധികളും പങ്കെടുത്ത അടിയന്തര ചര്‍ച്ചയ്ക്ക് പിന്നാലെയാണ് വാർ റൂം തുറക്കാനുള്ള നിർണായക തീരുമാനം ഉണ്ടായത്. ഇതിന്റെ ഭാഗമായി ഗാർഹികേതര പാചകവാതകം അടിയന്തരമായി ലഭ്യമാക്കേണ്ട മുൻഗണനാ സ്ഥാപനങ്ങളുടെ കൃത്യമായ പട്ടിക പൊതുവിതരണ വകുപ്പ് തയ്യാറാക്കി ഉടൻ തന്നെ ഓയിൽ കമ്പനികൾക്ക് കൈമാറും.

 

​വിവിധ മുൻഗണനാമേഖലകൾക്ക് പുറമെ സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, സർക്കാർ ഗസ്റ്റ് ഹൗസുകൾ, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളുടെ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്യാന്റീനുകൾ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി എണ്ണ കമ്പനികൾ നിലവിലുള്ള ഗാർഹികേതര ഉപഭോക്താക്കളുടെ വിശദമായ വിവരങ്ങൾ ഉടൻ തന്നെ സർക്കാരിന്‌ കൈമാറും. സിവിൽ സപ്ലൈസ് വാർ റൂം, സംസ്ഥാന ഐടി മിഷൻ ടീമിന്റെ സാങ്കേതിക പിന്തുണയോടെ ഈ ഡാറ്റ കൃത്യമായി വിശകലനം ചെയ്താണ് അന്തിമ മുൻഗണനാ പട്ടിക തയ്യാറാക്കുക. ഈ രീതിയിൽ തയ്യാറാക്കുന്ന മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആദ്യഘട്ടത്തിൽ തന്നെ സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നും സർക്കാർ കമ്പനികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe