പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ 27ൽ 6 എണ്ണത്തിൽ നിപ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം

news image
Aug 4, 2024, 2:55 pm GMT+0000 payyolionline.in

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്‍റി ബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്‍റി ബോഡി കണ്ടെത്തിയത്.

നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍  മന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെയാണ് ഇതിനുള്ള മാർഗ നിർദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയത്. അതേസമയം നിലവിൽ ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്ന് മന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe