പാലക്കാട്ടുനിന്ന് 1.5 മണിക്കൂറിൽ കോഴിക്കോട്; ഗ്രീൻഫീൽഡ് പാത ഉദ്ഘാടനം ജനുവരിയിൽ

news image
Oct 9, 2025, 3:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ ദേശീയപാതയുടെ പണി പൂർത്തിയായ സ്ട്രെച്ചിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലയിടത്ത് കരാറുകാരുടെ അനാസ്ഥയുണ്ടായത് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘‘തൊഴിലാളികളുടെ എണ്ണം പലയിടത്തും കുറവായിരുന്നു. ഇതൊക്കെ ഇപ്പോൾ വർധിപ്പിച്ച് മൂന്നിരട്ടിയാക്കിയിട്ടുണ്ട്. കരാറുകാരുടെ അനാസ്ഥ കാരണമാണ് തീരുമാനം വൈകിയത്. 16 റീച്ചിൽ 450 കിലോമീറ്ററിലേറെ ഇതുവരെ പൂർത്തിയായിട്ടുണ്ട്. സാധിക്കുമെങ്കിൽ ജനുവരിയോടെ മുഴുവൻ തീർക്കണമെന്ന് ഗഡ്കരി എൻഎച്ച്എഐയോട് നിർദേശിച്ചു. നടക്കില്ലെന്നു 2014ൽ പറഞ്ഞിടത്താണ് ഇപ്പോൾ ദേശീയപാത പൂർത്തിയാകുന്നത്. കാസർകോട് – തളിപ്പറമ്പ്, അഴിയൂർ – വെങ്ങളം, വടകര, തിരുവനന്തപുരം തുടങ്ങിയ റീച്ചുകളിലെല്ലാം പ്രശ്നങ്ങളുണ്ട്.

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ ഉദ്ഘാടനവും ജനുവരിയിൽ നടക്കും. ഇതോടെ നിലവിൽ 4-5 മണിക്കൂറെടുക്കുന്ന യാത്ര ഒന്നര മണിക്കൂറായി ചുരുങ്ങും. ദേശീയപാത വരുമ്പോൾ കോഴിക്കോട് ഒരു സ്ട്രെച്ചിൽ സംസ്ഥാന പാത മുറിഞ്ഞുപോകുന്നുണ്ട്. അതിനു പരിഹാരം കാണാനായി എലവേറ്റഡ് പാത പണിയാനും ഗഡ്കരി നിർദേശം നൽകി’’ – മുഹമ്മദ് റിയാസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe