പാലക്കാട് ‘വോട്ടിന് പണം’ വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

news image
Apr 9, 2026, 4:53 am GMT+0000 payyolionline.in

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വ്യക്തതയ്ക്കായി പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന എൻ.ഡി.എ പ്രതിനിധികൾക്കെതിരെ പാലക്കാട് സൗത്ത് പോലീസ് ഇതിനോടകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കണ്ണാടി തരുവക്കുറിശ്ശിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പമെത്തിയ പ്രവർത്തക വയോധികയ്ക്ക് പണം നൽകിയെന്നാണ് ആരോപണം. മരണവീട് സന്ദർശിച്ച ശേഷം ശോഭ കാറിൽ കയറിയ സമയത്ത് കൂടെയുണ്ടായിരുന്ന സ്ത്രീ സമീപത്തെ വീട്ടിലെ വയോധികയ്ക്ക് അയ്യായിരം രൂപ നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത പ്രവർത്തകർക്ക് നേരെ സ്ഥാനാർത്ഥി ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. സംഭവസമയത്ത് മുൻ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഉയർന്ന ഈ വിവാദം കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe