പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ഇരട്ട വോട്ട് ആരോപണം നേരിടുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ടു ചെയ്യാൻ ബൂത്തിലെത്താതെ മാറിനിന്നു. ബി.ജെ.പി സ്ഥാനാർഥിയുടെ ജയ-പരാജയങ്ങൾ നിർണയിക്കുന്നതിൽ തന്റെ വോട്ട് ആവശ്യമില്ല. അനാവശ്യ സംഘർഷം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറിനിന്നതെന്ന് ഹരിദാസ് പ്രതികരിച്ചു. വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിൽ തന്നെ തടയാൻ ആർക്കും പറ്റില്ലെന്നും ഹരിദാസ് പറഞ്ഞു. നേരത്തെ ഹരിദാസിനെ വോട്ട് ചെയ്യുന്നതിൽനിന്ന് തടയുമെന്ന് കോൺഗ്രസ് എം.പി വി.കെ. ശ്രീകണ്ഠൻ പറഞ്ഞിരുന്നു.
“പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്റെ ഒരു വോട്ടുകൊണ്ട് ബി.ജെ.പി സ്ഥാനാർഥി ഇവിടെ ജയിക്കുകയോ തോൽക്കുകയോ ഇല്ല. അനാവശ്യ സംഘർഷം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറിനിന്നത്. വോട്ട് ചെയ്തിരുന്നെങ്കിൽ അത് കേന്ദ്രീകരിച്ചാകും ചർച്ച മുഴുവൻ. വോട്ട് ചെയ്യുന്നതിൽനിന്ന് ആർക്കും തടയാനൊന്നും പറ്റില്ല. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റിനെ തടയാമെന്നത് വി.കെ. ശ്രീകണ്ഠന്റെ വ്യാമോഹം മാത്രമാണ്. അഭിപ്രായ വ്യത്യാസം വന്നതുകൊണ്ട് നെഗറ്റിവ് വാർത്തകൾ ഒഴിവാക്കാനാണ് വിട്ടുനിന്നത്” -കെ.എം. ഹരിദാസ് പറഞ്ഞു.