ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറെ അപമാനിച്ചെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാർലമെന്റിൽ മറുപടി നല്‍കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമർശം.
അംബേദ്കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു’ -ഷാ പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ ഷായുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. മനുസ്മൃതിയിൽ വിശ്വസിക്കുന്നവർക്ക് തീർച്ചയായും അംബേദ്കറുമായി പ്രശ്നമുണ്ടാകുമന്ന് രാഹുൽ എക്സിൽ കുറിച്ചു. തുടക്കം മുതലേ ഇന്ത്യൻ ഭരണഘടനക്കു പകരം മനുസ്മൃതി നടപ്പാക്കാനാണ് ആർ.എസ്.എസ് ആഗ്രഹിച്ചതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ബി.ജെ.പി-ആർ.എസ്.എസ് ത്രിവർണ പതാകക്കെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ആഭ്യന്തര മന്ത്രിയുടെ അംബേദ്കർ അധിക്ഷേപ പരാമർശമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. അമിത് ഷായുടെ പരാമർശം വെറുപ്പുളവാക്കുന്നതാണെന്നും മാപ്പു പറയണമെന്നും കോൺഗ്രസ് എം.പി ജയറാം രമേശ് ആവശ്യപ്പെട്ടു.