പിടിയിലായത് മലപ്പുറത്തെ കായികാധ്യാപ‌കൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോഡ്‌ജിൽ നിന്ന് 416 ഗ്രാം എംഡിഎംഎ കണ്ടെത്തി

news image
Nov 5, 2025, 8:49 am GMT+0000 payyolionline.in

മലപ്പുറം: വില്‍പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്‌മാനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്‌ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

 

ഡാന്‍സാഫ് എസ്ഐ ഷിജോ സി തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്‌കൂളുകളിൽ ഇയാൾ കായികാധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താ ഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിനാണ് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്.

നാർകോടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ.സിബി, പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എ.പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്. പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. കളിപ്പാട്ടങ്ങളിലും മറ്റും ഒളിപ്പിച്ചാണ് ജില്ലയിൽ പല ഭാഗത്തേക്കും ലഹരി വസ്‌തുക്കൾ എത്തിക്കുന്നത്. ഹൈവേ പരിസരങ്ങളിലുള്ള പ്രത്യേക സ്‌പോട്ടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe