കോട്ടയം: മുസ്ലീം വിദ്വേഷ പരാമർശ കേസിൽ പി.സി. ജോർജിനെതിരായ കേസിലെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചില്ല. ഈ മാസം 25ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോട്ടയം സെഷൻസ് കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി പി.സി. ജോർജിനെ ശനിയാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. പി.സി. ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോട്ടയം ജില്ല സെഷൻസ് കോടതിയുടെ നിർദേശം. ചാനൽ ചർച്ചയുടെ വിഡിയോയുടെ ഉള്ളടക്കം എഴുതിനൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
ബുധനാഴ്ച വിശദവാദം കേട്ടശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. മുമ്പും സമാന കേസിൽ ഉൾപ്പെട്ടയാളാണ് പി.സി. ജോർജെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ്. ഇത് സമൂഹത്തിലുണ്ടാക്കുന്ന അപകടം വലുതാണ്. ഇത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നുവെന്നും ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാനുള്ള ഗൗരവം വിഷയത്തിനില്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്. തുടർന്നാണ് വിവാദ ചാനൽചർച്ചയുടെ വിഡിയോയും ഉള്ളടക്കവും സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചത്. ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയിലാണ് ജോർജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്.
ജനുവരി ആറിന് ‘ജനം ടിവി’യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ‘മുസ്ലിംകൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്ലിംകൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്’ -എന്നെല്ലാമാണ് പി.സി. ജോർജ് പറഞ്ഞത്.