ന്യൂഡൽഹി: പി.സി. ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പി.സി. ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിക്കുകയും ചെയ്തു. ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗമാണ് ഷോണ്‍ ജോർജ്.
ബി.ജെ.പി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഇന്നലെ ഡൽഹിയിലെത്തിയ പി.സി. ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചർച്ച ഇന്നും തുടർന്നു.
എൽ.ഡി.എഫും യു.ഡി.എഫും സ്വീകരിക്കാതായതോടെ ഏറെ നാളായി ബി.ജെ.പിയോടൊപ്പമായിരുന്നു പി.സി. ജോർജ്. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഘടക കക്ഷിയായി ജോർജിന്റെ പാർട്ടിയെ ബി.ജെ.പിയിൽ എടുക്കുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്നു. തുടർന്നാണ് അംഗത്വം എടുത്താൽ മാത്രമേ സഹകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിർദേശം ബി.ജെ.പി മുന്നോട്ടുവെച്ചത്. ഇത് പി.സി. ജോർജ് സ്വീകരിക്കുകയായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ജോർജിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്.