പുതിയ ജിമെയിൽ ഐഡി വേണോ? പ‍ഴയ അക്കൗണ്ടിന്‍റെ പേര് മാറ്റാം – ഗൂഗിളിന്റെ വമ്പൻ അപ്ഡേറ്റ് വരുന്നു

news image
Dec 27, 2025, 4:29 pm GMT+0000 payyolionline.in

ലക്ഷക്കണക്കിന് വരുന്ന ജിമെയിൽ ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെടാതെ തന്നെ അവരുടെ ജിമെയിൽ വിലാസം മാറ്റാൻ കഴിയുന്ന അപ്ഡേറ്റിന് ഗൂഗിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. @gmail.com ന് മുമ്പുള്ള ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം മാറ്റാൻ ഇതോടെ നമുക്ക് സാധിക്കും. വിലാസം മാറിയാലും കോൺടാക്റ്റുകൾ, ഡ്രൈവ് ഫയലുകൾ, ഇമെയിലുകൾ, ഫോട്ടോകൾ എന്നിവയുൾപ്പെടെ ഗൂഗിൾ അക്കൗണ്ട് അതേപടി തുടരുകയും ചെയ്യും.

നമ്മളിൽ പലർക്കും ആശ്വാസമാകുന്ന അപ്‌ഡേറ്റാണ് ഗൂഗിൾ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് ജിമെയിൽ വിലാസം ക്രിയേറ്റ് ചെയ്യുമ്പോൾ പേരിനൊപ്പം വിളിപ്പേരുകളോ ഓമനപ്പേരുകളോ നമ്പറോ കൂട്ടിച്ചേർത്തവർക്കും, അല്ലെങ്കിൽ സ്വന്തം പേരിൽ മാറ്റം വരുത്തിയവർക്കോ പങ്കാളിയിൽ നിന്നും വേർപ്പെട്ടവർക്കോ ഇനി മെയിൽ ഐഡിയിൽ വിലാസം സ്വന്തം ഇഷ്ട പ്രകാരം മാറ്റി നൽകാം.

അപ്പോൾ പഴയ അഡ്രസ് മാറി പുതിയതാകുമ്പോൾ, മെയിലുകൾ എങ്ങനെ അതിലേക്ക് വരും എന്ന സംശയം പലർക്കും ഉണ്ടാകാം. എന്നാൽ നിങ്ങളുടെ പഴയ ജിമെയിൽ അഡ്രസ് പൂർണമായും ടെർമിനേറ്റ് ആകുന്നില്ല എന്നതാണ് പ്രത്യേകത. ഇത് ഒരു ഏലിയാസ് (Alias) ആയി തുടരും. അതിനാൽ പഴയ അഡ്രസ്സിലേക്ക് വരുന്ന ഇമെയിലുകൾ തുടർന്നും നിങ്ങളുടെ ഇൻബോക്സിൽ തന്നെ ലഭിക്കും. കൂടാതെ, പഴയതോ പുതിയതോ ആയ അഡ്രസ് ഉപയോഗിച്ച് നിങ്ങൾക്ക് ലോഗിൻ ചെയ്യാവുന്നതുമാണ്.

എന്നാൽ കൃത്യമായ നിയന്ത്രണങ്ങളോടെയാണ് ഗൂഗിൾ മാറ്റം അവതരിപ്പിക്കുക. ഒരു ഉപയോക്താവിന് 12 മാസത്തിലൊരിക്കൽ മാത്രമേ അഡ്രസ് മാറ്റാൻ സാധിക്കുകയുള്ളൂ. ഒരു അക്കൗണ്ടിൽ പരമാവധി മൂന്ന് തവണ വരെ മാറ്റം വരുത്താം. അതായത് ഒരു ഗൂഗിൾ അക്കൗണ്ടിൽ ആകെ നാല് അഡ്രസുകൾ വരെ ഉപയോഗിക്കാം. കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്‌സിൽ ഈ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മുമ്പ് ജിമെയിൽ അഡ്രസ് മാറ്റണമെങ്കിൽ പഴയ അക്കൗണ്ട് തന്നെ കളഞ്ഞ് പുതിയത് എടുക്കേണ്ട സാഹചര്യത്തിനാണ് ഇതിലൂടെ അന്ത്യം കുറിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe