പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനത്തുനിന്ന് വിജയ് ശേഖർ ശർമ രാജിവച്ചു

news image
Feb 26, 2024, 5:41 pm GMT+0000 payyolionline.in

ന്യൂഡൽഹി: പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിക്കു പിന്നാലെ പേയ്ടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ–എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. എന്നാൽ, പേയ്ടിഎമിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേയ്ടിഎം ബാങ്ക് പുതിയ ചെയർമാനെ വൈകാതെ നിയമിക്കും.

വിവിധ ചട്ടലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഇടപാടുകൾ നിർത്തിവയ്ക്കാൻ ആർബിഐ അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ് പേയ്‌ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ നീക്കം. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തിനു പിന്നാലെ ബോർഡ് മെമ്പർ സ്ഥാനത്തുനിന്നും വിജയ് ശർമ രാജിവച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, മുൻ ഐഎഎസ് ഓഫിസർ ദേവേന്ദ്രനാഥ് സാരംഗി,  ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ്.സിബൽ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു.

പേയ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് ആർബിഐ വിലക്കിയിരിക്കുന്നത്.

ഫെബ്രുവരി 29 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പൊതു താൽപര്യം പരിഗണിച്ചാണ് തീയതി നീട്ടിയത്. ഉപഭോക്താക്കൾക്ക് ഒരു അസൗകര്യവും ഉണ്ടാക്കാതെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേയ്ടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്. റിസർവ് ബാങ്ക് നടപടിക്ക് പിന്നാലെ പേയ്ടിഎമ്മിനെതിരെ ഇഡി അന്വേഷണവും ആരംഭിച്ചിരുന്നു. വിദേശനാണയ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിലാണ് അന്വേഷണമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe