കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ അഞ്ച് യു.ഡി.എഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടയിലെ സംഘർഷത്തിലാണ് പേരാമ്പ്ര പൊലീസിന്റെ നടപടി. ചൊവ്വാഴ്ച രാത്രിയിലും ഇന്ന് രാവിലെയുമായി കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ രണ്ട് കേസുകളിലായാണ് അഞ്ച് യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സ്ഫോടകവസ്തു എറിഞ്ഞെന്ന ആരോപണവും എറിഞ്ഞവരെ കുറിച്ചും ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇക്കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് നിഗമനം. കൂടാതെ, ശാസ്ത്രീയ പരിശോധനയിലൂടെ സ്ഫോടകവസ്തു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി യു.ഡി.എഫ് രംഗത്തെത്തി. എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് പേരാമ്പ്രയിൽ നടക്കാനിരിക്കെവടകര റൂറൽ പൊലീസിന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
കൂടാതെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ നയിക്കുന്ന കെ.പി.സി.സിയുടെ വിശ്വാസ സംരക്ഷണ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടക്കുന്ന സാഹചര്യത്തിലുമാണ് പൊലീസ് നടപടി. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ഷാഫി പറമ്പിൽ എം.പി പങ്കെടുത്ത യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിൽ നിന്ന് പൊലീസിനുനേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന സി.പി.എം ആരോപണത്തിനു പിന്നാലെ ഈ സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച പ്രധാന റോഡിലെ ചേനോളി ജങ്ഷന് സമീപമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ഡി.വൈ.എസ്.പി എൻ. സുനിൽകുമാർ, കേസ് അന്വേഷിക്കുന്ന പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീദ് എന്നിവരും എസ്.പിയുടെ കൂടെ ഉണ്ടായിരുന്നു.
സംഭവം നടന്ന വെള്ളിയാഴ്ച ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ 700 പേർക്കെതിരെ കേസെടുത്ത പൊലീസ് സ്ഫോടകവസ്തു എറിഞ്ഞ കാര്യം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. പൊലീസുകാർക്ക് ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിയ സ്ഫോടകവസ്തുവിന്റെ വിവരം എന്തുകൊണ്ട് അന്നത്തെ കേസിൽ ഉൾപ്പെടുത്തിയില്ലെന്ന ചോദ്യം യു.ഡി.എഫ് ഉയർത്തുന്നുണ്ട്.
ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫർ പകർത്തിയ വിഡിയോ നേരത്തെ എടുത്ത കേസന്വേഷണത്തിന് പരിശോധിക്കുമ്പോഴാണ് അന്യായമായി സംഘം ചേർന്ന് യു.ഡി.എഫ് പ്രവർത്തകരിൽ ഒരാൾ സ്ഫോടകവസ്തു എറിഞ്ഞതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പൊലീസുകാർക്കിടയിൽ വീണ് ഉഗ്രശബ്ദത്തോടെ ഇത് പൊട്ടിയതായും പേരാമ്പ്ര എസ്.എച്ച്.ഒ പി. ജംഷിദ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
സി.കെ.ജി കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് സി.പി.എം- യു.ഡി.എഫ് സംഘർഷത്തിലും തുടർന്ന് പൊലീസുമായുള്ള സംഘർഷത്തിലും കലാശിച്ചത്. പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പൊലീസ് ആക്രമണത്തിൽ തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി.
വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.
ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തു നിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.
ഗ്രനേഡ് കൈയില്‍ നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് ഷാഫിയെ കരുതികൂട്ടി ആക്രമിക്കുന്നത്.
സ്ഫോടകവസ്തു എറിഞ്ഞത് പൊലീസാണെന്നും കോൺഗ്രസ് പ്രവർത്തകരല്ലെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ആരോപിച്ചു. സി.പി.എമ്മിന്റെ തിരക്കഥക്കനുസരിച്ച് അഭിനയിക്കുകയാണ് പൊലീസ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗമാണ് സ്ഫോടനത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് പൊലീസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. സംഭവസ്ഥലത്ത് പൊലീസ് കൊണ്ടുവന്നതല്ലാതെ ഏതെങ്കിലും സ്ഫോടക വസ്തു ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയില്‍ സ്ഫോടകവസ്തു എറിഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കുന്നതല്ലെന്നും ഷാഫി പറമ്പിലിന് മര്‍ദനമേല്‍ക്കുന്ന ദൃശ്യം കേരളം കണ്ടതാണെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.