പൊതുമേഖലാ ബാങ്ക് ലയനം: എസ്ബിഐ, പിഎൻബി, കനറ എന്നിവയിൽ 3 വീതം ബാങ്കുകളെ ലയിപ്പിച്ചേക്കും

news image
Nov 21, 2025, 3:16 pm GMT+0000 payyolionline.in

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെടുന്നു. ലയന നടപടികൾ പിഎംഒ വൈകാതെ വിലയിരുത്തിയേക്കും. ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കായി (2026-27) ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലോ അതിനുമുൻപോ ലയന പ്രഖ്യാപനം വന്നേക്കാമെന്നും സൂചനകളുണ്ട്. ലയനത്തിനായി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് തയാറാക്കിയ കരട് പദ്ധതിയാണ് പിഎംഒ പരിശോധിക്കുക. ലയനത്തിന് പുറമേ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്വയംഭരണാധികാരം ലഭ്യമാക്കൽ, നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഉയർത്തൽ എന്നിവയും പിഎംഒ വിലയിരുത്തും. നിലവിൽ എഫ്ഡിഐ പരിധി 20 ശതമാനമാണ്. ഇത് 49 ശതമാനമായി ഉയർത്തിയേക്കും. ഇതിനുപുറമേ 2021-22ലെ ബജറ്റിൽ ധനമന്ത്രി ബാങ്ക് സ്വകാര്യവൽക്കരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതും പരിഗണനാ വിഷയമാണെന്നാണ് റിപ്പോർട്ടുകൾ.

പൊതുമേഖലാ ബാങ്ക് ലയനം നടപ്പു സാമ്പത്തിക വർഷംതന്നെ സാധ്യമാക്കാനുള്ള നീക്കങ്ങളുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയിലെ രണ്ട് പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ.  എസ്ബിഐ, പ‍ഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പ‍ഞ്ചാബ് നാഷനൽ ബാങ്കിലും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും. ഇതിൽ ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്താനും സാധ്യതയുണ്ട്.

ഇത്തരത്തിൽ ലയിച്ച് വലിയ ബാങ്കുകളുണ്ടാകുമ്പോൾ, വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ ബാങ്കുകൾക്ക് കഴിയും. നിലവിൽ ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്. ഈ വിഭാഗത്തിൽ ആദ്യ 4 ബാങ്കുകളും ചൈനയുടേതാണ്. 2017ൽ ആണ് നരേന്ദ്ര മോദി സർക്കാർ ബാങ്ക് ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ കൂടുതൽ ലയനത്തിലൂടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ൽ നിന്ന് 12 ആയി ചുരുക്കി. അതു മൂന്നാക്കാനാണ് ഇപ്പോൾ നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe