കണ്ണൂർ: 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാർട്ടികളും സംഘടനകളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
അല്ലാത്ത പക്ഷം അത് നീക്കം ചെയ്യാനുള്ള ചെലവ് അതാത് സ്ഥാനാർഥികളുടെ ചെലവിൽ ഉൾപ്പെടുത്തുന്നതാണെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങൾ, രാഷ്ട്രീയ പാർട്ടി ചിഹ്നങ്ങളുടെ പ്രതിരൂപങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മറച്ചു വെക്കുകയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പുതുതായി സ്ഥാപിച്ചവ ഉടൻ നീക്കുകയും ചെയ്യേണ്ടതാണ്.
റോഡിൽ ചിഹ്നങ്ങളും പേരും വോട്ടഭ്യർഥനയും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചുവരുന്നുണ്ട്. അതാത് രാഷ്ട്രീയ പാർട്ടികൾ അവയും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
