പൊന്നാനി: പൊന്നാനി ബിയ്യത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കൊണ്ടുപോയ സ്വർണത്തിന്റെ 99 ശതമാനവും മോഷ്ടാക്കളിൽ നിന്ന് കണ്ടെടുത്ത് പൊലീസ്. 550 പവൻ സ്വർണം കവർന്ന കേസിൽ 438 പവനും സ്വർണവും അത് വിറ്റു കിട്ടിയ 29 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.
എട്ടുമാസത്ത അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. വാടാനപ്പള്ളി സ്വദേശി സുഹൈൽ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടിൽ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യചെയ്യലിനും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സ്വർണവും പവനും കണ്ടെടുത്തതെന്ന് ജില്ല പൊലീസ് മേധാവി അർ.വിശ്വനാഥ് പറഞ്ഞു.
ഏപ്രിൽ 13 നാണ് പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവൻ മോഷണം പോയതറിയുന്നത്. വിദേശത്തായിരുന്ന വീട്ടുകാർ നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസിലാകുന്നത്. സി.സി.ടി.വിയുടെ ഡി.വി.ആർ, നാല് കുപ്പി വിദേശമദ്യം എന്നിവയും കവർന്നിരുന്നു.
വീട്ടുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുമ്പോഴാണ് മോഷ്ടാക്കൾ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേർന്ന് കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. കുഴിച്ചിട്ട സ്വർണാഭരണങ്ങൾക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വർണവും പൊലീസ് പിടിച്ചെടുത്തു.