ഷിംല: വാഹനം പൊലീസ് തടഞ്ഞതിന് പിന്നാലെ കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങി യുവതി. ഹിമാചൽ പ്രദേശിലെ ഷിംലയിലായിരുന്നു സംഭവം. കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് അഞ്ച് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
നാല് യുവാക്കളും ഒരു യുവതിയമായിരുന്നു കാറിലുണ്ടായിരുന്നത്. പൊലീസ് കാർ നിർത്താൻ ആംഗ്യം കാണിച്ചതോടെ യുവതി ‘ചിറ്റ’യുടെ (മയക്കുമരുന്ന്) പാക്കറ്റ് വിഴുങ്ങുകയായിരുന്നു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് യുവതി മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങിയതായി സംഘത്തിലൊരാൾ പൊലീസിന് മൊഴി നൽകിയത്. പിന്നാലെ യുവതിയെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ്-റേയിൽ യുവതിയുടെ വയറ്റിൽ പാക്കറ്റ് കണ്ടെത്തിയതോടെ എൻഡോസ്കോപി വഴി ഇത് പുറത്തെടുക്കുകയായിരുന്നു. 7.6 ഗ്രാം ‘ചിറ്റ’യടങ്ങിയ പാക്കറ്റാണ് യുവതിയുടെ വയറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ റിമാൻഡിലാണ്.