കണ്ണൂർ: പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ യുവാവിന് 14 വർഷം കഠിനതടവും 16,000 രൂപ പിഴയും ശിക്ഷ. ഒളവണ്ണ സ്വദേശി ഫസലുറഹ്മാനെയാണ് (44) കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എം.ടി. ജലജാറാണി ശിക്ഷിച്ചത്.
നഗരപരിധിയിൽ കളിക്കുകയായിരുന്ന 14 വയസ്സുള്ള ആൺകുട്ടിയെ ഫുട്ബാൾ പഠിപ്പിക്കാമെന്നു പറഞ്ഞ് ഫോൺ ചെയ്ത് മുറിയിൽ വരാൻ ആവശ്യപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ആറുവർഷം കഠിനതടവിനും ഏഴായിരം രൂപ പിഴയടക്കാനുമാണ് വിധി.
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവിൽ കഴിയണം. മറ്റൊരു കേസിൽ, 13 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് എട്ടുവർഷം കഠിന തടവിനും 9000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കണ്ണൂർ ടൗൺ എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടേരിയാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.
