തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ മെറ്റക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വി.ഡി സതീശന്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോനാണ് പാട്ടിന്റെ അണിയറ പ്രവർത്തകരുടെ നീക്കം.
പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനുറച്ച് തന്നെയാണ് പൊലീസ്. പൊലീസിന് ലഭിച്ച നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരാണ് ഇടതുപക്ഷം. ഇവർ പാരടിപ്പാട്ടിൽ കേസെടുത്തത് ശരിയായില്ലന്ന പക്ഷമുള്ളവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡിക്കേസ് തുണക്കുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ കണക്ക് കൂട്ടൽ.
വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സി.പി.എം നടത്തുന്നുണ്ട്. അതേസമയം, പാരഡി ഗാനത്തിൽ കേസെടുത്തത് പാരഡിയെക്കാൾ വലിയ തമാശ എന്നാണ് പ്രതിപക്ഷ പരിഹാസം. കേസും ചർച്ചകളും ശബരിമല വിവാദം കുറെ കൂടി സജീവമാക്കാൻ ഉപകരിക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ കേസില്‍ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്.
