പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം; വിശദമായ അന്വേഷണമെന്ന് ആന്ധ്ര അധികൃതർ

news image
May 6, 2025, 7:00 am GMT+0000 payyolionline.in

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ വിശദമായ അന്വേഷണം തുടരുന്നതായി അധികൃതർ. മേയ് രണ്ടാം തീയ്യതിയാണ് തലസ്ഥാന നഗര നിർമാണത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി മോദി അമരാവതിയിലെത്തിയത്. വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും പിന്നീട് അമരാമതി തലസ്ഥാന മേഖലയിലെ വെങ്കട്ടപാലത്തുമാണ് തീപിടുത്തമുണ്ടായത്. രണ്ടിടങ്ങളിലും പ്രധാനമന്ത്രി എത്തുന്ന സമയവുമായി അടുത്ത നേരത്തായിരുന്നു തീപിടുത്തമെന്നതിനാലാണ് അന്വേഷണം കൂടുതൽ വിപുലമാക്കിയത്.

കൃഷ്ണ ജില്ലയിൽ വിജയവാഡ വിമാനത്താവളത്തിന് സമീപം ബുദ്ധാവരാത്താണ് ആദ്യം തീപിടുത്തമുണ്ടായത്. പ്രധാനമന്ത്രിയുടെ വിമാനം ലാൻഡ‍് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പിന്നീട് അമരാമതിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ആരംഭിക്കാനിരിക്കെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യുന്ന സമയത്താണ് രണ്ടാമത്തെ തീപിടുത്തമുണ്ടായത്. രണ്ടിടങ്ങളിലും കനത്ത പുക ഉയരുകയും ചെയ്തു.

വിമാനത്താവളത്തിന് സമീപം അഞ്ച് ഏക്കറോളം സ്ഥലത്ത് വളർന്നുനിന്ന് പുല്ലിനാണ് തീപിടിച്ചത്. ഉണങ്ങിയ പുല്ലിന് സ്വാഭാവികമായി തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റ് അട്ടിമറി സാധ്യതകൾ സംശയിക്കുന്നില്ലെങ്കിലും എല്ലാ സാധ്യതകളിലും അന്വേഷണം നടത്തുന്നുണ്ട്. ആരെങ്കിലും വലിച്ചെറിഞ്ഞ സിഗിരറ്റോ തീപ്പെട്ടിയോ തീപിടുത്തത്തിന് കാരണമായിട്ടുണ്ടാവാമെന്നും അതല്ല ഇവിടെ ഉപേക്ഷിച്ചിരുന്ന ഗ്ലാസുകളിൽ സൂര്യപ്രകാശം കേന്ദ്രീകരിച്ച് ചൂടായി തീപിടിച്ചിട്ടുണ്ടാവെന്നും പൊലീസ് അനുമാനിക്കുന്നുണ്ട്.

അതേസമയം അമരാവതിയിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചു. 133 കെ.വി വൈദ്യുതി ലൈനുകൾക്കായി എത്തിച്ച് സൂക്ഷിച്ചിരുന്ന സിലിക്കോൺ ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ പൈപ്പുകൾ ഉൾപ്പെടെയുള്ളവ ഇവിടെ കത്തിനശിച്ചു. രണ്ട് സംഭരണ കേന്ദ്രങ്ങൾ ഏതാണ്ട് പൂർണമായി കത്തിനശിച്ചു. ഇവിടെ നിന്ന് ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe