കൽപ്പറ്റ > വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വാദ്രയ്ക്ക് 115.13 കോടി രൂപയുടെ ആസ്തി. ബുധനാഴ്ച സമർപ്പിച്ച നാമനിർദേശപത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെയും വ്യവസായിയായ ഭർത്താവ് റോബർട്ട് വാദ്രയുടെയും സ്വത്ത് വിവരമുള്ളത്. പ്രിയങ്കാഗാന്ധിക്ക് മാത്രമായി 18.14 കോടിയും ഭർത്താവിന് 96.98 കോടി രൂപയുടെയും സമ്പാദ്യമാണ് കാണിച്ചത്.
വീട്, കെട്ടിടങ്ങൾ, ഭൂമി തുടങ്ങിയ ഇനത്തിൽ 72.97 കോടിയുടെ ആസ്തിയുണ്ട്. 42.16 കോടിയുടെ വിവിധ ഷെയറുകൾ, ബോണ്ട്, ബാങ്ക് ബാലൻസ്, ആഭരണം തുടങ്ങിയവയുമുണ്ട്. പാരമ്പര്യ സ്വത്തായി പ്രിയങ്കയ്ക്ക് ലഭിച്ചത് 2.1 കോടിരൂപയാണ്. പ്രിയങ്കയ്ക്ക് 4411.70 ഗ്രാം സ്വർണവും 59.83 കിലോഗ്രാം വെള്ളിയും ആഭരണങ്ങളായുണ്ട്. 53 ലക്ഷം രൂപയുടെ ടയോട്ടാ ലാൻഡ്ക്രൂയിസർ, 1.5 ലക്ഷത്തിന്റെ മിനി കൂപ്പർ, എട്ടുലക്ഷത്തിന്റെ ഹോണ്ട സിആർവി എന്നിങ്ങനെ മൂന്ന് കാറും നാലുലക്ഷം രൂപയുടെ സുസുക്കി ബൈക്കും ആസ്തിയായുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സമർപ്പിച്ച നാമനിർദേശ പത്രികയിലെ സ്വത്ത് വിവരത്തിൽ സഹോദരി പ്രിയങ്കയുമായി ചേർന്ന് 11.15 കോടി രൂപയുടെ ആസ്തി കാണിച്ചിരുന്നെങ്കിലും ഇത്തവണ കണക്കിലില്ല.