നീലഗിരിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടി സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ്. കുടുംബത്തോടൊപ്പമാണെങ്കിലും ഒറ്റയ്ക്കാണെങ്കിലും ഊട്ടിയിലെ പൈൻ മരക്കാടുകൾക്കിടയിലൂടെയുള്ള നടത്തവും മഞ്ഞുമൂടിയ താഴ്വരകളും ഏവർക്കും പ്രിയപ്പെട്ടതാണ്.
പ്രകൃതിഭംഗിക്ക് പുറമെ ഉത്തരവാദിത്തമുള്ള ടൂറിസത്തിന് (Responsible Tourism) മികച്ച മാതൃകയാവുകയാണ് ഊട്ടി. ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ ഭാർഗവി ശിലപർസെട്ടിയാണ് ഈ മാതൃക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ള ഊട്ടിയിൽ സഞ്ചാരികൾക്ക് കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള ‘വാട്ടർ എടിഎം’ ആണ് ഭാർഗവി ശിലപർസെട്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഭാർഗവി തന്റെ പക്കലുള്ള കുപ്പി വെള്ളം നിറയ്ക്കാനായി നൽകുന്നതും കേവലം 10 രൂപയ്ക്ക് ചൂടുവെള്ളം നിറയ്ക്കുന്നതും കാണാം.
“ഊട്ടി എന്തുകൊണ്ടാണ് ഇത്ര സവിശേഷമാകുന്നത് എന്നതിന് തെളിവാണിത്. പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ ഇവിടെ വാട്ടർ എടിഎമ്മുകൾ വഴി കുടിവെള്ളം ലഭ്യമാണ്. ഈ ചെറിയൊരു ആശയം വലിയൊരു മാറ്റത്തിനാണ് വഴിതെളിയിക്കുന്നത്. ഊട്ടിയിലേക്ക് വരുന്നവർക്കായി ഒരു യാത്രാ ടിപ്പ്: സ്വന്തമായി ഒരു കുപ്പി കരുതുക. 10 രൂപയ്ക്ക് വാട്ടർ എടിഎമ്മുകളിൽ നിന്ന് ചൂടുവെള്ളം ലഭിക്കും. ഇത് പരിസ്ഥിതി സൗഹൃദവും മാതൃകാപരവുമാണ്,” വീഡിയോയ്ക്കൊപ്പം ഭാർഗവി ഇപ്രകാരം കുറിച്ചു.പരിസ്ഥിതി സംരക്ഷണത്തിനായി ഊട്ടി ഭരണകൂടം നടപ്പിലാക്കിയ ഈ കൊച്ചു വലിയ കാര്യത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇത്തരം പദ്ധതികൾ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നടപ്പിലാക്കേണ്ടതുണ്ട് എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
