തിക്കോടി: സമൂഹത്തിൽ പൗരബോധമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിലും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ജനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ മൈത്രേയൻ അഭിപ്രായപ്പെട്ടു.
കൈരളി ഗ്രന്ഥശാല തിക്കോടിയുടെ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബം, ജീവിതം , ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി ‘ജനകീയ സംവാദം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൈത്രേയൻ.
ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, ദൈനംദിന ജീവിതത്തിലും കുടുംബത്തിലും പൊതു ഇടങ്ങളിലും ജനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരേണ്ട ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം കേൾവിക്കാർ എന്ന നിലയിലല്ല, മറിച്ച് പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്ത് മനസ്സിലാക്കുന്ന യഥാർത്ഥ ജനാധിപത്യ രീതിയാണ് സമൂഹത്തിൽ നടപ്പിലാക്കേണ്ടത്.
ആരോഗ്യമേഖലയിലെന്നപോലെ സാമൂഹിക സംവിധാനങ്ങളിലും വരാവുന്ന ഗുരുതരമായ പ്രതിസന്ധികളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്കൂളുകൾ, പൗരസഹായ കേന്ദ്രങ്ങൾ, തർക്ക പരിഹാര കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ സംവിധാനങ്ങളുടെ പ്രയോജനം കൃത്യമായി ജനങ്ങളിലേക്ക് എത്തണമെങ്കിൽ ശക്തമായ പൗരബോധം അത്യന്താപേക്ഷിതമാണ്. ലോകത്ത് പഞ്ചായത്ത് പോലുള്ള വികേന്ദ്രീകൃത ഭരണസംവിധാനങ്ങൾ ഉള്ള അപൂർവ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും, ഈ സംവിധാനങ്ങൾ ജനങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി മുൻകൈയെടുത്ത് ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംവാദ പരിപാടിയിൽ പോൾസൺ റാഫേൽ ഉൾപ്പെടെയുള്ളവർ സംസാരിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ചടങ്ങിന് ഗ്രന്ഥശാല സിക്രട്ടറി മഹേഷ് കുമാർ ടി കെ സ്വാഗതം പറഞ്ഞു.
