ഫറോക്ക്: ഒരുമാസത്തിനുള്ളിൽ ഫറോക്ക്, പന്നിയങ്കര ഭാഗങ്ങളിൽനിന്ന് നഷ്ടമായ നാലു ബൈക്കുകൾ അന്വേഷിച്ച് പോലീസ് ഇറങ്ങിയപ്പോൾ എത്തിപ്പെട്ടത് കുട്ടിമോഷ്ടാക്കളിൽ. ഫറോക്ക്, പന്നിയങ്കര ഭാഗത്ത് ബൈക്ക് മോഷണംനടന്ന പരാതിയിൽ അസിസ്റ്റന്റ് കമ്മിഷണർ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് സബ് ഇൻസ്പെക്ടർ സജിനി ടി.എം. എന്നിവരുടെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടെത്തിയത് ഒട്ടേറെ ബൈക്ക് മോഷണങ്ങളാണ്.
ഫറോക്ക് വ്യാപാരഭവനിന് സമീപത്തുനിന്നും കഴിഞ്ഞ മാസം 10-ന് രാവിലെ കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ പരാതിയിലെ അന്വേഷണത്തിൽനിന്നുമാണ് ഈ കുട്ടികളെ കുറിച്ച് സൂചനലഭിച്ചത്. മോഷ്ടിച്ച ബൈക്കുമായാണ് ഫറോക്കിൽനിന്ന് ഇവരെ കണ്ടെത്തിയത്. സ്കൂൾ സെന്റ് ഓഫ് പരിപാടിക്കു ബൈക്കുമായി വന്നിരുന്നതായി വിവരംലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് ക്രൈം സ്ക്വാഡ് കുട്ടികളെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.
നഗരത്തിലെ വിവിധഭാഗങ്ങളിൽനിന്നും ഫറോക്ക്, കല്ലായി റെയിൽവേ സ്റ്റേഷൻ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാലു ബൈക്കുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. നാലായിരംമുതൽ പതിനായിരം രൂപയ്ക്കുവരെയാണ് മോഷ്ടിച്ച വാഹനങ്ങൾ വിറ്റിരുന്നത്. നമ്പർ പ്ലേറ്റ് മാറ്റിയും, സ്പ്രേ പെയിന്റ് അടിച്ചും മിറർ ഒഴിവാക്കിയും ആർ.സി. ഓണർ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധം രൂപമാറ്റം വരുത്തി.
ഫറോക്ക് പോലീസ് ഇവരെ ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കി. ഫറോക്ക് ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ.മാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സി.പി.ഒ.മാരായ സനീഷ് പി.എം., പി. സുബീഷ് വെങ്ങേരി, അഖിൽ ബാബു, ഫറോക്ക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അബ്ദുൽ റഹീം, സിനിയർ സിവിൽ പോലീസ് ഓഫീസർ അഷ്റഫ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
