തിരുവനന്തപുരം: വോട്ടർ പൂരിപ്പിച്ച് കൈമാറിയ എന്യൂമറേഷൻ ഫോം ബി.എൽ.ഒമാർ ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ടോ എന്നറിയാൻ തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടലിൽ സൗകര്യം. നാഷണൽ വോട്ടേഴ്സ് പോർട്ടൽ വഴിയാണ് വോട്ടർക്ക് പരിശോധിക്കാനാവുക. വോട്ടർമാർക്ക് ഓൺലൈനായി എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള ലിങ്കിൽ പ്രവേശിച്ച് ഇക്കാര്യം അറിയാം.
ഓൺലൈൻ നടപടികൾ ഇങ്ങനെ
- https://voters.eci.gov.in എന്ന ലിങ്ക് വഴി പോർട്ടലിൽ പ്രവേശിക്കണം.
- ആദ്യമായി പ്രവേശിക്കുമ്പോൾ സൈൻ അപ് വേണ്ടിവരും.
- സൈറ്റിന്റെ വലതുഭാഗത്ത് മുകളിൽ കാണുന്ന സൈൻ അപ് ലിങ്കിൽ പ്രവേശിച്ച് ഫോൺ നമ്പറും ഇ-മെയിൽ വിലാസവും നൽകണം.
- എസ്.എം.എസ് ആയും ഇ-മെയിലായും എത്തുന്ന രണ്ട് ഒ.ടി.പികളും ഒപ്പം ക്യാപ്ച കോഡും നൽകിയാൽ സൈൻ അപ് പൂർത്തിയാകും.
- പോർട്ടലിലെ ഹോം പേജിൽ വലതുഭാഗത്തുള്ള ‘ഫിൽ എന്യൂമറേഷൻ ഫോം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
- അപ്പോൾ തെളിയുന്ന ലോഗിൻ വിൻഡോയിൽ മൊബൈൽ നമ്പറും കാപ്ചയും നൽകിയാൽ ഒ.ടി.പി ലഭിക്കും.
- വീണ്ടും ഹോം പേജിലെ ‘ഫിൽ എന്യൂമറേഷൻ ഫോം’ ക്ലിക്ക് ചെയ്യുമ്പോൾ സംസ്ഥാനം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും.
- അടുത്ത വിൻഡോയിൽ നിലവിലെ എപിക് നമ്പറും നൽകണം.
- ‘നിങ്ങളുടെ ഫോം ഇതിനോടകം സബ്മിറ്റ് ചെയ്യപ്പെട്ടു’ (Your form has already been submitted with mobile number XXXXX) എന്ന സന്ദേശം തെളിയുകയാണെങ്കിൽ ഫോം ബി.എൽ.ഒ അപ്ലോഡ് ചെയ്തെന്ന് ഉറപ്പിക്കാം.
ഡിജിറ്റൈസ് ചെയ്യാത്തവരുടേതിൽ പേര് വിവരങ്ങളും എപിക് വിവരങ്ങളുമടങ്ങിയ മറ്റൊരു വിൻഡോയാകും തെളിയുക. (ഓൺലൈനായി ഫോം സമർപ്പിക്കാനുള്ള വിൻഡോയാകും പിന്നീട് കാണുക. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയവർ ഇതിലേക്ക് കടക്കേണ്ടതില്ല)
ശ്രദ്ധിക്കുക
ബി.എൽ.ഒമാർ എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ തുടരുകയാണ്. ഘട്ടംഘട്ടമായാണ് ഓൺലൈൻ നടപടികൾ പുരോഗിക്കുന്നത്. ഡിഡംബർ നാലുവരെ സമയവുമുണ്ട്. അപ്ഡേറ്റ് തുടരുകയുമാകാം. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. ആവർത്തിച്ചുള്ള വിളിയും ഒഴിവാക്കാം. അതേസമയം ഫോം പൂരിപ്പിച്ച് നൽകാത്തവരുടെ ഓൺലൈൻ സ്റ്റാറ്റസ് ‘സബ്മിറ്റ്’ എന്ന് കാണിക്കുകയോ അല്ലെങ്കിൽ തെറ്റായ ഫോൺ നമ്പർ കാണിക്കുകയോ ചെയ്യുന്നെങ്കിൽ ബി.എൽ.ഒയെ ബന്ധപ്പെടണം
