ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച് ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷായുടെ ഓഫിസിൽ നിന്ന് ഫോണിൽ വിജയിയെ ബന്ധപ്പെട്ടെങ്കിലും സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു.
അതേസമയം, വിജയ് തന്റെ സംസ്ഥാന പര്യടനം മാറ്റിവച്ചു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ടി.വി.കെ വിജയ്യുടെ സംസ്ഥാന പര്യടനം മാറ്റിവെക്കുന്നതായി അറിയിച്ചത്. അടുത്ത രണ്ടാഴ്ചത്തെ പൊതുയോഗങ്ങൾ മാറ്റിയെന്നാണ് ടി.വി.കെ അധികൃതർ അറിയിച്ചിരിക്കുന്നത്.