ആളുകൾ വിമാനത്തിൽ അന്താരാഷ്ട്ര യാത്രകൾ നടത്തുക സാധാരണമാണ്. എന്നാൽ, അഫ്‌ഗാനിൽ നിന്നും ദില്ലിയിലെത്തിയ ഒരു 13 കാരൻ പയ്യന്റെ കഥ കേട്ടാൽ ആരായാലും ഞെട്ടും. കാരണം വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ കംപാർട്ട്മെന്‍റിൽ കയറിയാണ് കുട്ടി കാബൂൾ മുതൽ ദില്ലി വരെ പറന്നത്. കെഎഎം എയർലൈൻസിന്‍റ RQ-4401 വിമാനത്തിലാണ് രണ്ട് മണിക്കൂറോളം അതിസാഹസികമായി യാത്ര ചെയ്ത് കുട്ടി ഇന്ത്യയിലെത്തിയത്.
ഞായറാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തിനടുത്ത്, സംശയാസ്പദമായി ചുറ്റിത്തിരിയുന്ന കുട്ടിയെ കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.ചോദ്യം ചെയ്യലിൽ താൻ കൗതുകം കൊണ്ട് ചെയ്തത് ആണെന്നായിരുന്നു കുട്ടിയുടെ മറുപടി. കാബൂൾ വിമാനത്താവളത്തിൽ ഒളിച്ചു കടന്നതും വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ കയറിയതും അപ്പോഴേക്കും വിമാനം ടേക്ക് ഓഫ് ചെയ്തതും 13 കാരൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു. ഉച്ചയ്ക്ക് 12:30 ഓടെ കാബൂളിലേക്ക് തിരികെ പറന്ന അതേ വിമാനത്തിൽ തന്നെ ആൺകുട്ടിയെ അധികൃതർ തിരിച്ചയക്കുകയും ചെയ്തു. കൂടുതൽ സുരക്ഷാ പരിശോധനകൾ നടത്തിയ ശേഷമാണ് വിമാനം ദില്ലിയിൽ നിന്നും തിരികെ പറന്നത്.