ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റില്‍ യുവതിയുടെ മൃതദേഹം അഴുകി പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തി. ചന്ദാപുരയിലെ ഫ്ലാറ്റിനുള്ളിലാണ് നഗ്നമായനിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് സിറിഞ്ചും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.
25 വയസ്സ് തോന്നിക്കുന്ന യുവതി ബംഗാള്‍ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മുമ്പ് യുവതി ലൈംഗികപീഡനത്തിനിരയായെന്നും പൊലീസ് സംശയിക്കുന്നു.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ഉടമയും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ സഫാൻ എന്ന് പരിചയപ്പെടുത്തിയ ഒഡിഷ സ്വദേശിക്ക് നല്‍കിയ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 60,000 രൂപ അഡ്വാൻസും 9,800 രുപ മാസവാടകയും ഇയാൾ നൽകിയിരുന്നു. ഇയാളെക്കുറിച്ചോ ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ കൂടെ എത്തിയയാളെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല.
ഫ്ലാറ്റ് വാടകക്കെടുത്തയാളെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവിടെ കണ്ടിരുന്നില്ല. പിന്നീട് ജനുവരി പത്തിന് ഇയാള്‍ തിരിച്ചെത്തുകയും വാടക നല്‍കി മടങ്ങുകയും ചെയ്തു. ഭാര്യ നാട്ടിലാണെന്നും ഇവരെ ഉടൻ കൂട്ടിക്കൊണ്ടുവരണമെന്നുമാണ് ഇയാള്‍ ഫ്ലാറ്റുടമയോട് പറഞ്ഞിരുന്നത്.
എന്നാല്‍, ഫെബ്രുവരി 28ന് യുവതിയും 40 വയസ്സ് പ്രായം തോന്നിക്കുന്നയാളും ഫ്ലാറ്റിലെത്തി. ഇതോടെ ഫ്ലാറ്റുടമ വാടകക്കെടുത്തയാളെ വിളിച്ച് കാര്യമന്വേഷിച്ചു. തനിക്ക് പരിചയമുള്ളവരാണെന്നും ഇവര്‍ പിതാവും മകളുമാണെന്നും മൂന്നുദിവസത്തിന് ശേഷം മടങ്ങുമെന്നുമായിരുന്നു മറുപടി. എന്നാല്‍, മാര്‍ച്ച് പത്തിന് വീട്ടുടമ ഫ്ലാറ്റിലെത്തിയപ്പോള്‍ വാതില്‍ തുറന്നനിലയിലായിരുന്നു. പുതപ്പിട്ട് മൂടിയനിലയില്‍ യുവതി നിലത്തുകിടക്കുന്ന നിലയിലായിരുന്നു. പിറ്റേദിവസം ദുർഗന്ധത്തെ തുടർന്ന് സംശയം തോന്നിയ ഉടമ വീണ്ടും ഫ്ലാറ്റിലെത്തി പുതപ്പ് നീക്കിയപ്പോഴാണ് പുഴുവരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ഫ്ലാറ്റ് വാടകക്ക് നൽകുമ്പോൾ തിരിച്ചറിയല്‍ രേഖകളോ മറ്റുവിവരങ്ങളോ ഉടമ ശേഖരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ഫോണിലേക്ക് പൊലീസ് വിഴിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ബംഗളൂരു എസ്.പി മല്ലികാര്‍ജുന്‍ ബല്‍ദാന്‍ന്ദിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.