തിരുവനന്തപുരം ∙ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12–ാം ശമ്പള പരിഷ്കരണ കമ്മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
ഇൗ വർഷം തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധന പ്രതീക്ഷിക്കുന്നു. 150 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തിൽ 10% വർധന തീരുമാനിച്ചിട്ടുള്ളതിനാൽ ഒട്ടേറെ പുതിയ പദ്ധതികൾ ഉൾപ്പെടുമെന്നുറപ്പ്.
കേന്ദ്ര സർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ മുൻഗണനയുണ്ടാകും. വികസനത്തിനു പ്രത്യയശാസ്ത്രം പ്രശ്നമല്ലെന്ന നിലപാടിലേക്കു സർക്കാർ മാറിയതിനാൽ നയംമാറ്റം പ്രകടമാകുന്ന നിക്ഷേപ പദ്ധതികളും ഉൾപ്പെടുത്തിയേക്കും. സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാൽ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും അവതരിപ്പിക്കാനിടയുണ്ട്.