പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും വിശദമായ വാദം. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, രാഹുലിനെതിരെ കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിലാണ് എസ് ഐ ടി. ബലാത്സംഗകുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് വിലയിരുത്തിയും അറസ്റ്റ് ചട്ടവിരുദ്ധമെന്നത് അടക്കം പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയുമാണ് കഴിഞ്ഞ ദിവസം തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം തള്ളിയിരുന്നത്.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്റെ അഭിഭാഷകർ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തുകയായിരുന്നു. മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്റെ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവെച്ചു. ഇതോടൊപ്പം വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണെന്നും എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
രാഹുൽ അനുകൂലികൾ ഇരകൾക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളും അതിലെ കേസുകളും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് ഭീഷണിയുടെ സ്വരമെന്നാണ് കോടതി വിലയിരുത്തിയത്. ജാമ്യം നൽകിയാൽ എംഎൽഎയുടെ അധികാരം ഉപയോഗിച്ച് പരാതിക്കാരിയെ രാഹുൽ സമ്മർദ്ദത്തിലാക്കും. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം അപ്പാടെ തള്ളിയ തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യ ഹര്ജി പരിഗണിക്കുമ്പോഴും രാഹുലിന് കൂടുതൽ കുരുക്കാകും.
