കണ്ണൂർ: ശ്രീകണ്ഠപുരം ചെമ്പേരിയിൽ എൻജിനീയറിങ് വിദ്യാർഥിനി കോളജ് മുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ഉളിക്കൽ നെല്ലിക്കാംപൊയിലിലെ കാരാമയിൽ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.
പൂജാ അവധി കഴിഞ്ഞ് വീണ്ടും കോളേജിലെത്തിയപ്പോഴാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഇരിട്ടിയിൽനിന്ന് കോളജ് ബസിലാണ് അൽഫോൻസ കയറിയത്. കോളേജ് കോമ്പൗണ്ടിൽ ബസിറങ്ങി ക്ലാസിലേക്ക് നടക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കളും അധ്യാപകരും ചേർന്ന് ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കരുവഞ്ചാലിലെ സ്വകാര്യ ആശുത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ബിടെക് സൈബർ സെക്യൂരിറ്റിവിഭാഗം രണ്ടാംവർഷ വിദ്യാർഥിനിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളൊന്നും വിദ്യാർഥിനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
2012-ൽ സമാന രീതിയിലാണ് അൽഫോൻസയുടെ സഹോദരന്‍ ജോയൽ ജേക്കബും മരിച്ചത്.
പിതാവ്: ജേക്കബ് (ചാക്കോച്ചൻ). മാതാവ്: ജെസ്സി ജേക്കബ് വെള്ളംകുന്നേൽ. സഹോദരങ്ങൾ: ജോസിൻ ജേക്കബ്, ജോയ്സ് ജേക്കബ്, പരേതനായ ജോയൽ ജേക്കബ്. സംസ്കാരം ഇന്ന് 11-ന് നെല്ലിക്കാംപൊയിൽ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.