ബസുകളിൽ വിദ്യാർത്ഥി കൺസെഷൻ പ്രായപരിധി 27 വയസ്സാക്കി ഉയർത്തി; ദൂരപരിധി 40 കിലോമീറ്ററാക്കി മോട്ടോർ വാഹന വകുപ്പ്

news image
Jul 12, 2026, 9:08 am GMT+0000 payyolionline.in

​തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കൺസെഷൻ പ്രായപരിധി 27 വയസ്സായി മോട്ടോർ വാഹന വകുപ്പ് (MVD) ഉയർത്തി. മുൻപ് 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്. ഇതിനൊപ്പം തന്നെ വിദ്യാർത്ഥികളുടെ യാത്രാ ദൂരപരിധി 40 കിലോമീറ്ററായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളിൽ കൺസെഷൻ നിരക്കുകളെച്ചൊല്ലി വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ തർക്കങ്ങൾ പതിവായ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ പുതിയ ഇടപെടൽ.

​പുതിയ ഉത്തരവ് പ്രകാരം ഇനി മുതൽ രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ മുഴുവൻ സമയ (Full-time) വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് മാത്രമാണ് ഇതിന് അർഹതയുണ്ടാവുക. പാർട്ട് ടൈം വിദ്യാർത്ഥികൾക്കും വിവിധ തരത്തിലുള്ള ക്രാഷ് കോഴ്സുകൾ ചെയ്യുന്നവർക്കും ഈ യാത്രാ ആനുകൂല്യം ലഭിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

​കൺസെഷൻ വിതരണത്തിലെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ഇനി മുതൽ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനും തീരുമാനമായി. ‘MVD leads’ എന്ന മൊബൈൽ ആപ്പ് വഴിയാണ് വിദ്യാർത്ഥികൾ കൺസെഷനായി അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന്റെ ആദ്യ ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി സ്ഥാപനങ്ങൾക്ക് അപ്രൂവൽ നൽകിയ ശേഷമായിരിക്കും വിദ്യാർത്ഥികൾക്ക് ആപ്പ് വഴി അപേക്ഷിക്കാനുള്ള സൗകര്യമൊരുങ്ങുക. വിദ്യാർത്ഥി അപേക്ഷിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട സ്ഥാപനത്തിന് ആപ്പിൽ അറിയിപ്പ് ലഭിക്കും. അപേക്ഷകൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥി തന്നെയെന്ന് മോട്ടോർ വാഹന വകുപ്പും സ്ഥാപനവും പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഡിജിറ്റൽ കൺസെഷൻ അനുമതി നൽകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe