മുംബൈ: എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖി വധക്കേസിൽ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര വിദർഭ മേഖലയിലുള്ള അകോലയിൽ നിന്നാണ് ആനന്ദ് ജില്ലയിലെ സൽമാൻഭായ് ഇഖ്ബാൽഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്സിങ് ഗിൽ പഞ്ചാബ്-പാകിസ്താൻ അതിർത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റിലായിരുന്നു.
ഇരുവരെയും കില്ല കോടതിയിൽ ഹാജരാക്കിയശേഷം നവംബർ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, പ്രതിയായ ആകാശ്ദീപ് പ്രതികളായ ശിവ, ധരംരാജ്, ഗുർനൈൽ തുടങ്ങിയവരുമായി ബന്ധപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളായ സീഷൻ അക്തർ, ശുഭം ലോങ്കർ എന്നിവരിൽ നിന്ന് ഇയാൾ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു.
ഗുജറാത്തിൽ ഓട്ടോ ഓടിക്കുന്ന സൽമാൻഭായ് ഇഖ്ബാൽഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുർമെയിൽ സിംഗ്, രൂപേഷ് മൊഹോൾ, ഹരീഷ്കുമാർ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നൽകിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.