മൂടാടി: പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിൽ തെറ്റായി പേര് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ വോട്ട് അസാധുവായി. മൂടാടി ഗ്രാമപഞ്ചായത്തിലാണ് എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായത്. എൽ.ഡി.എഫിനും യു.ഡി.എഫിനും 10 വീതമാണ് മൂടാടി പഞ്ചായത്തിലെ കക്ഷിനില.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഗുണന ചിഹ്നം രേഖപ്പെടുത്തുകയും റിട്ടേണിങ് ഓഫിസറുടെ സീലും ഒപ്പുമുള്ള മറുവശത്ത് വോട്ട് ചെയ്ത ആൾ പേരെഴുതി ഒപ്പിടണം. ശേഷം ബാലറ്റ് പേപ്പർ മടക്കി പെട്ടിയിൽ നിക്ഷേപിക്കണം. എന്നാൽ, ബാലറ്റ് പേപ്പറിൽ ഗുണന ചിഹ്നം രേഖപ്പെടുത്തി വോട്ട് ചെയ്ത അംഗം അതേസ്ഥലത്ത് പേര് എഴുതുകയായിരുന്നു. ഇതോടെ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.
ഇതിന് പിന്നാലെ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് എൽ.ഡി.എഫ് അംഗങ്ങളും തെരഞ്ഞെടുപ്പ് ഇനി നടത്തേണ്ടതില്ലെന്ന് യു.ഡി.എഫ് അംഗങ്ങളും വരണാധികാരിയോട് ആവശ്യപ്പെട്ടു. ഇത് എൽ.ഡി.എഫ്- യു.ഡി.എഫ് പ്രതിഷേധത്തിന് വഴിവെച്ചു.
