ന്യൂഡൽഹി : ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വ്യോമസേനയിൽനിന്നു ഇന്ന് വിടവാങ്ങും. വിമാനങ്ങളെ സർവീസിൽനിന്ന് പിൻവലിക്കുന്ന ചടങ്ങുകൾ ചണ്ഡിഗഡ് വ്യോമതാവളത്തിൽ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാണ്. വ്യോമസേനയിൽ ഇപ്പോൾ അവശേഷിക്കുന്ന 2 മിഗ് 21 സ്ക്വാഡ്രനുകളും ഇതോടെ ചരിത്രമാകും. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം.
1963 ൽ ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ് 21 വിമാനങ്ങളുടെ 62 വർഷം നീണ്ട സേവനമാണു ചരിത്രമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സൂപ്പർ സോണിക് വിമാനമായിരുന്നു മിഗ് 21. 1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ ഉപയോഗിച്ചു തുടങ്ങിയ ഇവ പിന്നീട് സേനയുടെ പ്രധാന ആയുധമായി മാറി. 1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാർഗിൽ യുദ്ധത്തിലുമെല്ലാം ഇവ നിർണായക സാന്നിധ്യമായിരുന്നു. 2017 നും 2024 നും ഇടയിൽ മിഗ് 21ന്റെ 4 സ്ക്വാഡ്രനുകൾ വിരമിച്ചിരുന്നു. ശ്രീനഗർ ആസ്ഥാനമായുള്ള 51–ാം സ്ക്വാഡ്രൻ 2022 ലാണു പ്രവർത്തനം അവസാനിപ്പിച്ചത്. പാക്കിസ്ഥാൻ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദൻ വർധമാൻ ഈ സ്ക്വാഡ്രനിൽ വിങ് കമാൻഡർ ആയിരുന്നു. 2019 ൽ പാക്കിസ്ഥാന്റെ നാലാം തലമുറയിൽപ്പെട്ട യുഎസ് നിർമിത എഫ്–16 വിമാനത്തെ വെടിവച്ചിട്ടതിന്റെ നേട്ടവും മിഗ് 21നുണ്ട്.
സേനയുടെ ശക്തിയായി തുടർന്നപ്പോൾത്തന്നെ തുടർച്ചയായ അപകടങ്ങൾ മിഗ് 21 വിമാനങ്ങളുടെ ശോഭകെടുത്തി. 6 പതിറ്റാണ്ടിനിടെ 400ലേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നാണു വിവരം. 100ലേറെ പൈലറ്റുമാരും സാധാരണക്കാരും മരിച്ചു. കാലപ്പഴക്കത്തെ തുടർന്ന് ഇവ ഒഴിവാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. മിഗ് 21 സ്ക്വാഡ്രൻ ഇല്ലാതാകുമ്പോൾ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാകും– 29 സ്ക്വാഡ്രൻ. നിലവിലെ സാഹചര്യത്തിൽ വ്യോമസേനയ്ക്കു 42 സ്ക്വാഡ്രനുകൾ വേണമെന്നാണു വിലയിരുത്തൽ. 16–18 യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്നതാണ് ഓരോ സ്ക്വാഡ്രനും.
തേജസ് മാർക്ക് 1എ വിമാനങ്ങൾ 97 എണ്ണം കൂടി വാങ്ങാനുള്ള 62,370 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. 68 യുദ്ധവിമാനങ്ങളും 29 ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും ആണു വാങ്ങുന്നത്. 2027-28 മുതൽ വിമാനങ്ങൾ ലഭ്യമാക്കുമെന്നാണു കരാർ. 6 വർഷത്തിനുള്ളിൽ പൂർണമായും കൈമാറും.