രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎയ്ക്ക് മുൻതൂക്കം. വോട്ടെണ്ണൽ അരമണിക്കൂർ പിന്നിട്ടപ്പോൾ, എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം നൂറ് പിന്നിട്ടു. ഇന്ത്യ സഖ്യം 52 ഇടത്ത് ലീഡ് ചെയ്യുന്നു. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. അരമണിക്കൂറിനുള്ളിൽ തന്നെ ട്രെൻഡ് അറിയാനാകും ഉച്ചയോടെ പൂർണ ചിത്രമറിയാൻ സാധിക്കുമെങ്കിലും, അതിന് മുമ്പേ തന്നെ ബിഹാർ ആരുപിടിക്കും എന്ന ഏകദേശ ധാരണ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എക്സിറ്റ് പോളിൽ എൻ ഡി എ ആയിരുന്നു ട്രെൻഡിങ് എങ്കിലും ഫലങ്ങൾ മാറിമറിയാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട് എന്നതാണ് മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി റെക്കോർഡ് പോളിംഗാണ് ബിഹാറിൽ രേഖപ്പെടുത്തിയത് – 64.7 ശതമാനം. ഇരുഘട്ടങ്ങളിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി, പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്ന പ്രത്യേകതയുമുണ്ട്.
