ഹൈദരാബാദ് : ബഹ്റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ഇറങ്ങേണ്ട വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ആർജിഐ വിമാനത്താവള ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ബഹ്റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിലാണ് വിമാനത്താവളത്തിന് ലഭിച്ചത്. തുടർന്ന് വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഏതു കമ്പനിയുടെ വിമാനത്തിനാണ് ഭീഷണിയുണ്ടായതെന്ന് വ്യക്തമല്ല.
