ഏറ്റുമാനൂർ (കോട്ടയം): ബ്ലഡ് പ്രഷർ ഉയർത്താനുള്ള മെഫന്റർമൈൻ സൽഫാറ്റ് ഇൻജക്ഷൻ ഐ.പി എന്ന മരുന്നിന്റെ 230 ബോട്ടിലുമായി യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ രാമങ്കരി മടത്തിപ്പറമ്പിൽ സന്തോഷ് മോഹനൻ (32) ആണ് അറസ്റ്റിലായത്.
മരുന്ന് സൂക്ഷിച്ചിരുന്ന കാർ ഓടിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതി എസ്.ഐയുടെ കൈപിടിച്ചു തിരിക്കുകയും ചെയ്തു. എസ്.ഐക്ക് പരിക്കേറ്റു. എസ്.ഐയുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിച്ചെടുത്ത മരുന്നുകൾ കോട്ടയം ഡ്രഗ് കൺട്രോളർക്ക് കൈമാറി. കൺട്രോളർ മഹസർ പ്രകാരം മരുന്ന് സീസ് ചെയ്തു തുടർ നടപടികൾ സ്വീകരിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് പ്രതിയിൽ നിന്ന് കഞ്ചാവും 250 ബോട്ടിൽ മരുന്നുകളും ഏറ്റുമാനൂർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ലോ ബ്ലഡ് പ്രഷർ ഉള്ളവർക്ക് പ്രഷർ കൂട്ടാൻ ഉപയോഗിക്കുന്ന മരുന്നാണ്. ഡോക്ടറുടെ കുറിപ്പ് പ്രകാരം ലഭിക്കുന്ന മരുന്നാണ് വിൽപനക്കായി പ്രതി നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ചത്.